400 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; 84 ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകാനും മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ ഒഴിവുള്ള തസ്തികകളിലെല്ലാം അതിവേഗം നിയമനം നടത്താനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
പുതിയ തസ്തികകളില്‍ 113 എണ്ണം പൊലീസിലായിരിക്കും. കെഎപി ആറ് എന്ന പുതിയ ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനമായി. ദേശീയ ഗെയിംസ് ജേതാക്കളായ 84 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളം വേദിയായ 2015ലെ ദേശീയ ഗെയിംസ് ജേതാക്കള്‍ക്കാണ് നിയമനം നല്‍കുന്നത്.
സ്വര്‍ണ്ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും വെള്ളി, വെങ്കലം നേടിയവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നല്‍കുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു. ഈ വാഗ്ദാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമനം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ദേശീയ ഗെയിംസ് ജേതാക്കള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.