മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം; കക്ക വാരാന്‍പോയ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്, രണ്ട്പേര്‍ രക്ഷപ്പെട്ടു


തിരൂര്‍: തോണിയപകടത്തില്‍ തിരൂരില്‍ നാലുപേര്‍ ദാരുണമായി മരിച്ചു. തിരൂരിലെ പുറത്തൂരില്‍ കക്ക വാരാൻ പോയ തൊഴിലാളികളാണ് മരണപ്പെട്ടത്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍, ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവര്‍ മുങ്ങി മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്.

സലാമിനെയും അബൂബക്കറിനെയും കാണാതായിരുന്നു. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഭാരതപ്പുഴയിൽ ഒഴുക്കുള്ള ഭാഗത്ത് വെച്ചാണ് തോണി മറിഞ്ഞത്. അപകത്തില്‍പ്പെട്ടവര്‍ സ്ഥിരമായി കക്ക വാരാൻ പോകുന്നവരാണ്. അയല്‍വാസികള്‍ കൂടിയാണ് ഇവര്‍.

നാല് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് തോണിയിൽ ഉണ്ടായിരുന്നത്. തോണിയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ മാത്രമാണ് രക്ഷപ്പെട്ടത്.