വടകരയിലെ കായിക പ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; നാരായണനഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകൾ ഒരുക്കുന്നതിന് 4.39 കോടി


വടകര: വടകരയിലെ കായിക പ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നാരായണ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകൾ ഒരുക്കുന്നതിനും മറ്റു പ്രവൃത്തികൾക്കുമായി കിഫ്‌ബി 4.39 കോടി രൂപ അനുവദിച്ചു. നേരത്തെ സാധാരണ കോർട്ടുകൾ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു. എന്നാൽ ആധുനികരീതിയിലുള്ള കോർട്ടുകൾ വേണമെന്ന ആവശ്യം ഉയർന്നതോടെ ആറുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

രണ്ടു വോളിബോൾ കോർട്ടുകൾ, രണ്ടു ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകൾ, ഒരു ബാസ്‌കറ്റ് ബോൾ കോർട്ട് എന്നിങ്ങനെ അഞ്ച് കോർട്ടുകളാണ് ഇൻഡോർ സ്റ്റേഡിയത്തിലുള്ളത്. ആധുനിക രീതിയിലുള്ള മാറ്റ് ഫ്ളോറിങ്, ഇലക്‌ട്രിക് ജോലികൾ എന്നിവയ്ക്കാണ് ഈ തുക ഉപയോഗിക്കുക. 4500-ഓളം പേർക്കിരിക്കാവുന്ന ഗാലറിയും പൂർണമായും സ്റ്റേഡിയം മൂടുന്ന വിധത്തിൽ മേൽക്കൂരയും സജ്ജമായിക്കഴിഞ്ഞു. രണ്ട് വലിയ ഹാളുകൾ, ജിം ഏരിയ, പവലിയനുകൾ, കളിക്കാർക്കുള്ള വിശ്രമമുറികൾ, ശൗചാലയങ്ങൾ, റിസപ്ഷൻ കൗണ്ടർ, ലോക്കർ തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ട്.

പത്തുവർഷംമുമ്പാണ് ഇൻഡോർ സ്റ്റേഡിയം നിർമാണം തുടങ്ങിയത്. ഇതുവരെ 22 കോടിരൂപ ചെലവഴിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

Description: 4.39 crore for preparing courts at the indoor stadium at Narayananagar