മൂന്നാമത് അഖിലകേരള പ്രൊഫഷണൽ നാടകോത്സവം; 17 മുതൽ 23 വരെ വടകര മേപ്പയിൽ


വടകര : മൂന്നാമത് അഖിലകേരള പ്രൊഫഷണൽ നാടകോത്സവം 17 മുതൽ 23 വരെ നടക്കും.മേപ്പയിൽ ശ്രീനാരായണ കലാകേന്ദ്രത്തിൽ 32-ാം വാർഷികത്തിന്റെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. മേപ്പയിൽ ശ്രീനാരായണ ബസ് സ്റ്റോപ്പിന് സമീപമാണ് നാടകങ്ങൾ അരങ്ങേറുക. പ്രശസ്തമായ അഞ്ച് പ്രൊഫഷണൽ സംഘങ്ങളുടെ നാടകമാണ് നാടകോത്സവത്തിൽ അരങ്ങേറുന്നത്.

17-ന് വൈകീട്ട് 6.30-ന് നാടകസംവിധായകൻ രാജീവൻ മമ്മിളി ഉദ്ഘാടനംചെയ്യും. ഏഴുമണിക്ക് കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’ അരങ്ങേറും. 18-ന് വടകര കാഴ്ചയുടെ ‘ശിഷ്ടം’, 19-ന് ശ്രീനാരായണ കലാകേന്ദ്രത്തിന്റെ ‘സ്നേഹപ്പൂക്കൾ’, 20-ന് തിരുവനന്തപുരം നവോദയയുടെ ‘കലുങ്ക്’, 21-ന് തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്നീ നാടകങ്ങളും കളിക്കും. 22-ന് ഏഴുമണിക്ക് വിവിധ കലാപരിപാടികളോടെ സർഗവിരുന്ന് നടക്കും.

സമാപന ദിവസം രാത്രി ഏഴിന് കോഴിക്കോട് ഊഞ്ഞാല നാടൻകലാ സാംസ്കൃതിയുടെ കടുംതുടിപ്പാട്ട് അരങ്ങേറും. സമാപനസമ്മേളനം നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനംചെയ്യും. പ്രവേശനം സൗജന്യമാണ്.