37 ലക്ഷം രൂപ തട്ടിയെടുത്തു; ദേശീയ സമ്പാദ്യപദ്ധതി ഏജന്റായ മണിയൂര്‍ സ്വദേശി പോലീസ് പിടിയില്‍


പയ്യോളി : ദേശീയ സമ്പാദ്യപദ്ധതിയിൽ നിക്ഷേപം നടത്തിയവരുടെ 37 ലക്ഷം രൂപ തട്ടിയെടുത്ത ഏജൻറിനെ പോലീസ് അറസ്റ്റുചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുകീഴിലെ ഏജൻറായ മണിയൂർ എളമ്പിലാട് പുതുക്കോട്ട് ശാന്ത (60) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ ഇവരെ മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.

മേപ്പയ്യൂരിലുള്ള സഹോദരിയുടെ വീട്ടിൽനിന്നാണ് പയ്യോളി സർക്കിൾ ഇൻസ്പെക്ടർ എം. കൃഷ്ണൻ, സബ്‌ ഇൻസ്പെക്ടർമാരായ വി.ആർ. വിനീഷ്, രമേശൻ എന്നിവർ ശാന്തയെ കസ്റ്റഡിയിലെടുക്കുന്നത്. റൂറൽ എസ്.പി. ശ്രീനിവാസ്, വടകര ഡിവൈ.എസ്.പി. മൂസ്സ വള്ളിക്കാടൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

പദ്ധതി കാലാവധിയായിട്ടും പണം കിട്ടാത്തതിനെത്തുടർന്ന് നിക്ഷേപകർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. നിക്ഷേപകരിൽനിന്ന് പ്രതിമാസം ശേഖരിക്കുന്ന തുക പോേസ്റ്റാഫീസിൽ അടച്ചിരുന്നില്ല. എന്നാൽ, നിക്ഷേപകരുടെ പാസ്ബുക്കിൽ വരവുവെക്കുകയും ചെയ്തു. ഇങ്ങനെയാണ് വഞ്ചന നടത്തിയത്. വടകര ഹെഡ് പോേസ്റ്റാഫീസിലാണ് ഇവർ പണമടയ്ക്കേണ്ടത്. ഒരു മഹിളാസംഘടനയുടെ പ്രവർത്തകയായിരുന്ന ഇവരുടെ ബന്ധങ്ങളും അതിനാൽത്തന്നെ ആളുകളിലുള്ള വിശ്വാസവുമാണ് കൂടുതൽ പേർ നിക്ഷേപകരാവാൻ ഇടയായതെന്ന് പറയുന്നു. 35,000 രൂപമുതൽ മൂന്നുലക്ഷം രൂപവരെയുള്ള തുകയുെട നിക്ഷേപത്തിന് ചേർന്നവരുണ്ട്. പയ്യോളി പോലീസ് സ്റ്റേഷനിൽ ഇതുവരെ 112 പരാതികളാണ് എത്തിയത്. ഇതിലെല്ലാംകൂടി 37 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. പയ്യോളി, വടകര, എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ളവർ തട്ടിപ്പിന് ഇരയായവരിൽ പെടും.

2016 ആദ്യമാസങ്ങളിൽ അഞ്ചുവർഷത്തേക്ക് ചേർത്ത പദ്ധതിയുടെ കാലാവധി ഈ വർഷമാണ് പൂർത്തിയായത്. കോവിഡ് കാരണമാണ് പണം കിട്ടാൻ വൈകുന്നതെന്നാണ് ഇവർ ആളുകളോട് പറഞ്ഞിരുന്നത്. തൊഴിലുറപ്പിൽ പങ്കെടുക്കുന്നവർമുതൽ പ്രവാസികൾവരെ പണം നിക്ഷേപിച്ചിട്ടുണ്ട്. നിക്ഷേപകരിൽ പലർക്കും ഇവർ നൽകിയ പാസ് ബുക്ക് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പാലയാട് ഉല്ലാസ് നഗറിൽ ഇർഫാനയുടെ 57,000 രൂപ നഷ്ടപ്പെട്ടതിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഉല്ലാസ് നഗർ എസ്.ആർ. ഖാന്റെ ഭാര്യ ജമീലയുടെ മൂന്നുലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. കാലാവധി കഴിഞ്ഞിട്ടും ഇവരിൽനിന്ന് പണം വാങ്ങിയിരുന്നതായും പറയുന്നു. ഇതുകൂടാതെ സ്വർണവും ചെക്കും പണം വായ്പയുമെല്ലാം ശാന്ത പലരിൽനിന്നും വാങ്ങിയതായും പരാതിയുണ്ട്. നിക്ഷേപകരിൽനിന്ന് പരാതി വന്നപ്പോൾ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഇവരെ ഏജൻറ് സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നാട്ടുകാർ കർമസമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്. പരാതി നൽകാത്തവരും ഏറെയുണ്ടത്രേ.