35 ശതമാനം പേ‍ര്‍ക്കും കൊവിഡ് ബാധിച്ചത് വീട്ടിൽ നിന്ന്, ഹോം ക്വാറൻ്റൈനിൽ പാളിച്ചയെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: വീടുകളിലൂടെ കൊവിഡ് അതിവേഗം വ്യാപിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനം വീടുകളിലെ സമ്പര്‍ക്കത്തിലൂടെയുണ്ടായതാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹോം ക്വാറൻ്റെൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.