കോഴിക്കോട് നിപാ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു


കോഴിക്കോട്: നിപ്പാ ബാധിതനായി മരണപെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളില്‍ ആ ദിവസങ്ങളിലെ നിശ്ചിത സമയങ്ങളില്‍ ഉണ്ടായിരുന്നുവര്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചാത്തമംഗലം സ്വദേശിയായ കുട്ടിയുടെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട്മാപ്പ് കോഴിക്കോട് കളക്ടറാണ് പുറത്തുവിട്ടിട്ടുള്ളത്.

27ാം തിയതി മുതലുള്ള വിവരങ്ങളാണ് റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയത്. അന്നുമുതല്‍ കുട്ടി പോയ സ്ഥലങ്ങളെ കുറിച്ചും സഞ്ചരിച്ച വാഹനങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് റൂട്ട് മാപ്പിലുള്ളത്.

കുട്ടിയുടെ റൂട്ട് മാപ്പ് ഇങ്ങനെ

2021 ഓഗസ്റ്റ് 27 വെള്ളിയാഴ്ച: വൈകീട്ട് അഞ്ച് മണി മുതല്‍ അഞ്ചര വരെ വീടിനടുത്ത് കളിക്കാന്‍ പോയി.

2021 ഓഗസ്റ്റ് 28 ശനിയാഴ്ച: വീട്ടില്‍

2021 ഓഗസ്റ്റ് 29 ഞായറാഴ്ച: രാവിലെ എട്ടര മുതല്‍ 8:45 വരെ എരഞ്ഞിമാവ് സ്ഥിതി ചെയ്യുന്ന ഡോ. മുഹമ്മദിന്റെ സെന്‍ട്രല്‍ ക്ലിനിക്കില്‍. യാത്ര ചെയ്തത് ഓട്ടോറിക്ഷയില്‍.

2021 ഓഗസ്റ്റ് 29 ഞായറാഴ്ച: രാവിലെ ഒമ്പത് മണിക്ക് വീട്ടില്‍ തിരിച്ചെത്തി.

2021 ഓഗസ്റ്റ് 30 തിങ്കളാഴ്ച: വീട്ടില്‍.

2021 ഓഗസ്റ്റ് 31 ചൊവ്വാഴ്ച: രാവിലെ 9:58 മുതല്‍ 10:30 വരെ മുക്കത്തെ ഇ.എം.എസ് ആശുപത്രിയില്‍. യാത്ര ചെയ്തത് അമ്മാവന്റെ ഓട്ടോറിക്ഷയില്‍.

2021 ഓഗസ്റ്റ് 31 ചൊവ്വാഴ്ച: രാവിലെ 10:30 മുതല്‍ 12:00 വരെ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍. യാത്ര ചെയ്തത് അമ്മാവന്റെ ഓട്ടോറിക്ഷയില്‍.

2021 ഓഗസ്റ്റ് 31 ചൊവ്വാഴ്ച: ഉച്ചയ്ക്ക് ഒരു മണി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി. യാത്ര ആംബുലന്‍സില്‍.

2021 സെപ്റ്റംബര്‍ ഒന്ന് ബുധനാഴ്ച: കോഴിക്കോട് മിംസ് ആശുപത്രി (ഐ.സി.യുവില്‍). യാത്ര ആംബുലന്‍സില്‍.