വനിതാ പോലീസിനോടുൾപ്പെടെ അശ്ലീലം പറയുക, ശല്യം ചെയ്യുക, ജില്ലയിലെ ‘റോമിയോമാരെ’ പൊക്കി ‘ഓപ്പറേഷന്‍ റോമിയോ’; വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് 32 കേസുകൾ


കോഴിക്കോട്: സ്ത്രീകളോട് അശ്ലീലം പറയുകയും ശല്യം ചെയ്യുകയും ചെയ്തവരെ പിടികൂടി പോലീസ്. വനിതാ പോലീസുൾപ്പെടെയുള്ള സ്ത്രീകൾക്ക് നേരെയാണ് ശല്യം ഉണ്ടായത്. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കേസെടുത്തു.

നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വനിതാ പൊലീസുകാരെ മഫ്തിയില്‍ നിയോഗിച്ചായിരുന്നു ‘ഓപ്പറേഷന്‍ റോമിയോ’. വനിതാപൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായ രീതിയില്‍ ആംഗ്യം കാണിക്കുകയും ശല്യംചെയ്യുകയും ചെയ്തതിന് വിവിധ സ്റ്റേഷനുകളിലായി 32 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.

ഡി.സി.പി. ശ്രീനിവാസിന്‍റെ നിര്‍ദേശപ്രകാരം വനിതാ പൊലീസ് സ്റ്റേഷന്‍, വനിതാസെല്‍, പിങ്ക് പട്രോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.

പലസ്ഥലങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പോലും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. അത്തരത്തില്‍ പിടികൂടിയ 20 ആളുകളെ കര്‍ശനമായി താക്കീതു നല്‍കി വിട്ടയച്ചു. ഓണാഘോഷപരിപാടികള്‍ നടക്കുന്നതിനിടയില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം നടത്തുന്നവര്‍ക്കെതിരേ പൊലീസ് ഇത്തരത്തില്‍ നടപടികള്‍ ശക്തമാക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ. അക്ബര്‍ അറിയിച്ചു.