32 തസ്‌തികകളില്‍ പി.എസ്.സി വിജ്ഞാപനം; പ്ലസ് ടു തല പൊതുപ്രാഥമിക പരീക്ഷയുടെ അര്‍ഹതാ പട്ടിക ഉടന്‍


തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ബില്‍ കളക്ടര്‍,​ ആരോഗ്യ വകുപ്പില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍, ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍)​ തുടങ്ങി 32 തസ്തികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

പൊലീസിലെ ഏഴ് ബറ്റാലിയനുകളിലേക്കും സിവില്‍ പൊലീസ് ഓഫീസര്‍ (എ.പി.ബി.) മുഖ്യപരീക്ഷയ്‌ക്കുള്ള അര്‍ഹതാപട്ടികയും പ്രസിദ്ധീകരിക്കും. ഇതിന് പുറമെ എറണാകുളം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഒന്നാം എന്‍.സി.എ. ഹിന്ദു നാടാര്‍, കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ രണ്ടാം എന്‍.സി.എ മുസ്ലിം, വിവിധ ജില്ലകളില്‍ എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഒന്നാം എന്‍.സി.എ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എസ്.ഐ.യു.സി നാടാര്‍, എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസില്‍ ഫയര്‍ വുമണ്‍ ട്രെയിനി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസില്‍ ഫയര്‍മാന്‍ ട്രെയിനി ഒന്നാം എന്‍.സി.എ. എസ്.സി.സി.സി ,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസില്‍ ഫയര്‍മാന്‍ ട്രെയിനി എന്നീ തസ്തികളിലേക്കുള്ള പ്ലസ് ടു തല പൊതുപ്രാഥമിക പരീക്ഷയുടെ അര്‍ഹതാ പട്ടികയും പി.എസ്.സി പ്രസിദ്ധീകരിക്കും.

13 ന് നടന്ന ബിരുദതല പ്രാഥമിക പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്നും കമ്മിഷന്‍ തീരുമാനിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാസമയം പരീക്ഷ ഹാളില്‍ എത്തിച്ചേരാനായിരുന്നില്ല.