30 മണിക്കൂര്‍ കടലില്‍ കിടന്നു; ഒടുക്കം അത്ഭുതകരമായി ജീവിതത്തിലേക്ക്, കാസര്‍കോട് കീഴൂര്‍രില്‍ കടലില്‍ നിന്നും രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളി അപകടനില തരണം ചെയ്തു


കാസര്‍കോട്: മീന്‍പിടിച്ച ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ തമിഴ്‌നാട്ടിലെ രാമപുരം സ്വദേശി ജോസഫ് (51) ജീവിതത്തിനും മരണത്തിനും ഇടയില്‍ കടലില്‍ കഴിഞ്ഞത് 30 മണിക്കൂര്‍. മംഗളുരുവില്‍ താമസിച്ച് മീന്‍പിടിത്തത്തിന് പോയിരുന്ന ജോസഫ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടലിലേക്ക് പുറപ്പെട്ടത്.

ജോസഫ് കടലില്‍ അകപ്പെട്ടത് എങ്ങനെ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണതാവാമെന്ന് സംശയിക്കുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ജോസഫിനെ കണ്ടുകിട്ടിയില്ല. തുടര്‍ന്ന് മംഗളുരു പാണ്ഡേശ്വരം സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവര്‍ തിരിച്ചില്‍ നടത്തുനിടെയാണ് കാസര്‍കോട് കീഴൂര്‍ കടപ്പുറത്ത് ജോസഫിനെ കണ്ടെത്തിയത്.

40 നോട്ടില്‍ മൈല്‍ അകലെ കടലില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന ജോസഫിനെ ശ്രദ്ധയില്‍പ്പെട്ട കാസര്‍കോട് കീഴൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ അടുത്തുചെന്ന് നോക്കുകയും അനക്കം കണ്ട് ജീവനുള്ളതായി സംശയം തോന്നിയതോടെ ബോട്ടിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു. ദിനേശന്‍, സുരേഷ്, ശൈലേഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തുടര്‍ന്ന് തളങ്കര തീരദേശ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബേബി ജോര്‍ജ്, ജോസഫ്, സിയാദ്, വസന്തകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘവും കോസ്റ്റല്‍ വാര്‍ഡന്‍ രഞ്ജിത്തും സഹായത്തിനെത്തുകയും ചെയ്തു. ജോസഫിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി പ്രഥമശുശ്രൂഷ നല്‍കി. ജോസഫ് അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.