കാട്ടാനകള്‍ കാടിറങ്ങുന്നു; ജീവിതം വഴിമുട്ടി ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍


പോരാമ്പ്ര: കാട്ടാന കൂട്ടത്തിന്റെ ശല്യത്തില്‍ നട്ടം തിരിയുകയാണ് ചക്കിട്ടപ്പാറഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിലെ കര്‍ഷകര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെ തുടര്‍ന്ന് വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.

ഇന്നലെ രാത്രി ചെമ്പനോട ആലമ്പാറ മേഖലില്‍ കാട്ടാന കൂട്ടം ഇറങ്ങി വാഴകൃഷി നശിപ്പിച്ചു. ആലമ്പാറ പാലറ ലില്ലിയുടെ വാഴത്തോട്ടമാണ് കാട്ടാന കൂട്ടം പൂര്‍ണ്ണമായി നശിപ്പിച്ചത്. ഗ്രാമ പഞ്ചായത്തംഗം ലൈസ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസം ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രദിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ചക്കിട്ടപ്പാറ മേഖലയിലെ കാട്ടുമൃഗ ശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ കൈകൊള്ളണമെന്നാണ് കര്‍ഷകരുടെ ആവശ്യം.