‘സജ്ജം’: മേപ്പയ്യൂരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി പഠനം നടത്തുന്ന 7,138 വിദ്യാര്‍ത്ഥികളില്‍ മതിയായ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമുറപ്പിക്കുകയാണ് ‘സജ്ജം’ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത്. അംഗന്‍വാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തി സന്നദ്ധ സംഘടനകള്‍, ഗവ.ഏജന്‍സികള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍, പി.ടി.എ എന്നിവയുടേയും അദ്ധ്യാപകര്‍, അഭ്യുദയകാംക്ഷികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടേയും സഹായത്തോട് കൂടി ധന സമാഹരണം നടത്തി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് മൊബൈല്‍ ഫോണ്‍ ലഭ്യമാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഏകദേശം 2,58,200 രൂപ മതിപ്പ് തുക കാണുന്ന പദ്ധതി ജനകീയമായി നടപ്പാക്കാനുള്ള ഇടപെടലുകളാണ് നടന്നത്. പഞ്ചായത്തില്‍ ഏകദേശം 853 വിദ്യാര്‍ത്ഥികള്‍ നെറ്റ് വര്‍ക്ക് റേഞ്ച് പ്രശ്‌നം അനുഭവിക്കുന്നുണ്ട്. റെയ്ഞ്ച് ലഭ്യത കുറഞ്ഞ മേഖലകള്‍ കണ്ടെത്തി പൊതു വൈഫൈ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന 13 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നു.
പഞ്ചായത്തിലെ 16 സ്‌കൂളുകളിലെ നോഡല്‍ ഓഫീസര്‍മാര്‍, പഞ്ചായത്ത് ഭരണ സമിതി, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, വാര്‍ഡ് മെമ്പര്‍മാര്‍, വാര്‍ഡ് വികസന സമിതികള്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.
പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പ് വരുത്തിയ പദ്ധതിയുടെ പ്രഖ്യാപനം ജൂൺ 22 ന് രാവിലെ മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന പരിപാടിയില്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്റെ അധ്യക്ഷതയില്‍ പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.