2021ല്‍ ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം കൂടി; പാലക്കാട് ഡിവിഷനില്‍ മാത്രം മരിച്ചത് 162 പേര്‍; കൊയിലാണ്ടിയില്‍ ഈ മാസമുണ്ടായത് അഞ്ച് മരണങ്ങള്‍


കൊയിലാണ്ടി: 2021ല്‍ ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം കഴിഞ്ഞ കൂടിയതായി കണക്കുകള്‍. കൊവിഡ് ഇളവുകള്‍ക്ക് പിന്നാലെ ട്രെയിന്‍ ഓടിത്തുടങ്ങിയ മാസങ്ങളിലാണ് അപകടങ്ങളേറെയും. കൊയിലാണ്ടിയിലും നിരവധി പേരാണ് കഴിഞ്ഞവര്‍ഷം ട്രെയിന്‍ തട്ടി മരിച്ചത്. 2021 മാര്‍ച്ചില്‍ നന്തിയില്‍ അമ്മയും പിഞ്ചുകുഞ്ഞും ട്രെയിനിടിച്ച് മരിച്ചിരുന്നു. അട്ടവയല്‍ സ്വദേശി ഹര്‍ഷ, നാലുവയസുള്ള മകന്‍ കശ്യപ് എന്നിവരായിരുന്നു മരിച്ചത്.

നവംബര്‍ 14ന് കൊയിലാണ്ടി ബപ്പന്‍കാട് അണ്ടര്‍പാസിനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ 30കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മണമല്‍ കുളക്കണ്ടി ശശിയുടെ മകന്‍ ശ്യാംലാലാണ് മരിച്ചത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ചെങ്ങോട്ടുകാവില്‍ വയോധിക ട്രെയിന്‍തട്ടി മരിച്ചത് 2021 ഒക്ടോബറിലാണ്. കഴിഞ്ഞവര്‍ഷം കൊയിലാണ്ടി മേഖലയിലുണ്ടായ തീവണ്ടി അപകടങ്ങളില്‍ ചിലതു മാത്രമാണിത്.

ഈ വര്‍ഷം ഇതുവരെ അഞ്ചുപേരാണ് ട്രെയിന്‍ തട്ടി കൊയിലാണ്ടിയില്‍ മരണപ്പെട്ടത്. തിക്കോടി സ്വദേശി അമല്‍ രാജ്, തമിഴ്‌നാട് സ്വദേശി ഇളവഴുതിരാജ, പതിയാരക്കര സ്വദേശി മുഹമ്മദ് ഷാഫി, കൊയിലാണ്ടി സ്വദേശി മുകുന്ദന്‍, പന്തലായനി ബീന എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിന്‍ തട്ടിയും, ട്രെയിനില്‍ നിന്ന് വീണും മരിച്ചത്. ഇലവഴുതി രാജ ട്രെയിനില്‍ നിന്ന് കാല്‍ വഴുതി വീഴുകയും മറ്റുള്ളവര്‍ ട്രെയിന്‍ തട്ടി മരിക്കുകയുമായിരുന്നു.

ട്രാക്കിലിരുന്ന് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആര്‍പിഎഫ് കമ്മീഷണര്‍ അറിയിച്ചു. ട്രെയിനിലൂടെയുള്ള കഞ്ചാവ്, മദ്യം, മയക്കുമരുന്ന് കടത്ത്, സ്വര്‍ണ്ണക്കടത്ത് എന്നിവയും കഴിഞ്ഞ കൊല്ലം വര്‍ധിച്ചു. 41 കോടി 53 ലക്ഷം രൂപയുടെ കടത്ത് സാധനങ്ങളാണ് പിടിച്ചത്. മദ്യം കടത്തതിയതിന് 213 കേസെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് 69 കേസുകളാണെടുത്തത്.