ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പതിനഞ്ചുകാരിയുമായി കോഴിക്കോട് ബീച്ചില്‍ കറങ്ങിയ യുവാവിനെതിരെ പോക്‌സോ കേസ്


മലപ്പുറം: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുമായി കോഴിക്കോട് ബീച്ചില്‍ കറങ്ങിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് വീട്ടില്‍ രാജേഷ് (20) ആണ് അറസ്റ്റിലായത്. ഇയാളെ ഫെബ്രുവരി 25 വരെ റിമാന്റ് ചെയ്തു.

2022 മെയ് മാസത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ രാജേഷ് പരിചയപ്പെടുന്നത്. പിന്നീട് ചാറ്റിങ്ങിലൂടെയും ഫോണ്‍വിളികളിലൂടെയും പ്രണയം നടിക്കുകയായിരുന്നു.

ഫെബ്രുവരി ഒമ്പതിനാണ് രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ രാജേഷ് കാറില്‍ കയറ്റി കൂട്ടിക്കൊണ്ടുപോയത്. കോഴിക്കോട് ബീച്ചിലേക്ക് കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ വൈകീട്ടാണ് വീട്ടിനടുത്ത് തിരികെ കൊണ്ടുവിട്ടത്. വിവരം അറിഞ്ഞതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഫെബ്രുവരി 11ന് പ്രതി അകമ്പാടത്തുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോത്തുകല്‍ എസ് ഐ വി സി ജോണ്‍സണ്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.