ഇവാനുവേണ്ടി കിട്ടിയത് രണ്ടരലക്ഷത്തിലേറെ തേങ്ങകള്‍: നാളികേര ചലഞ്ചിലൂടെ മുസ്‌ലിം യൂത്ത് ലീഗ് സമാഹരിച്ചത് 20.50ലക്ഷം രൂപ
പേരാമ്പ്ര: ജനിതക രോഗമായ എസ്.എം.എ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ കല്ലുള്ളതില്‍ മുഹമ്മദ് ഇവാന്റെ ചികിത്സ ഫണ്ട് കണ്ടെത്താന്‍ പേരാമ്പ്രയിലെ മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച നാളികേര ചലഞ്ച് വന്‍ വിജയം. നാളികേരം ചലഞ്ചിലൂടെ 20.50 ലക്ഷം രൂപയാണ് യൂത്ത് ലീഗ് സമാഹരിച്ചത്.
ചികിത്സക്ക് ആവശ്യമായ 18 കോടി സമാഹരിക്കാന്‍ ചികിത്സ സഹായ കമ്മിറ്റിയും വിവിധ കൂട്ടായ്മകളും സംഘടനകളും വിത്യസ്തമായ രീതികളില്‍ ഫണ്ട് സമാഹരിക്കുമ്പോള്‍ ആണ് പേരാമ്പ്ര നിയോജക മണ്ഡലംയൂത്ത് ലീഗ് കമ്മിറ്റി നാളികേരം ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്. നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ 86 യൂണിറ്റുകളില്‍ നിന്നായി രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം കൂടുതല്‍ നാളികേരമാണ് ചലഞ്ചിന്റെ ഭാഗമായി സമാഹരിച്ചത്. ശേഖരിച്ച നാളികേരം പൊതു ലേലം വിളിച്ചു വില്പന നടത്തി.
നാളികേര സമാഹരണത്തിലൂടെ ശേഖരിച്ച തുക പാണക്കാട് വെച്ച് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.സി.മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, ചികിത്സാ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ എസ്.പി. കുഞ്ഞമ്മദ്, കണ്‍വീനര്‍ കെ.സിദ്ധീഖ് തങ്ങള്‍, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.സി.മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍, ടി.കെ.നഹാസ്, സി.കെ.ജറീഷ്, ശംസുദ്ധീന്‍ വടക്കയില്‍, കെ.സി.മൊയ്തു, മുഹമ്മദ് പുതിയോട്ടില്‍, സിറാജ് കിഴക്കേടത്ത്, ഗഫൂര്‍ വാല്യക്കോട്, എന്‍.കെ.ഹാരിസ്, പി.സി.ഉബൈദ്, അഫ്‌സല്‍ അല്‍സഫ, നൗഷാദ് ചക്കിട്ടപ്പാറ, അബ്ബാസ് കീഴരിയൂര്‍, പഞ്ചായത്ത് -ശാഖാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.