വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവം; സാക്ഷികളായി ആരുമില്ല, സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡിവൈഎസ്പി, വിശദമായ അന്വേഷണത്തിന് പൊലീസ്
വടകര: കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഫോറന്‍സിക് സംഘം, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തുന്നുണ്ട്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ഡിവൈഎസ്പി പ്രതികരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതേസമയം മരണകാരണം എ.സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം എന്ന സംശയമുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ‘സംശയാസ്പദമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ. സംഭവത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനാവില്ല. സാക്ഷികളായി ആരുമില്ല. ഫോറന്‍സിക് ഉള്‍പ്പെടെയുള്ള എല്ലാ സംഘങ്ങളുടെയും സേവനം തേടിയിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്ന്’ ഡിവൈഎസ്പി പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കരിമ്പനപ്പാലം കെ.ടി.ഡി.സിയുടെ ആഹാർ റസ്‌റ്റോറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത് വീട്ടിൽ മനോജ് കുമാർ (27), കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ (26) എന്നിവരാണ് മരിച്ചത്. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു ഇവര്‍.
മൃതദേഹം കണ്ടെത്തിയപ്പോൾ കാരവനിലുള്ളിലെ എസി ഓണായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ടായിരുന്നു. ഞായറാഴ്ച രാത്രി തന്നെ കാരവാന്‍ റോഡരികില്‍ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് സമീപവാസിക്ക് വന്ന ഫോണ്‍ കോള്‍ വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇന്നലെ കരിമ്പനപ്പാലത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് വാഹനത്തിനു ചുറ്റും വടംകെട്ടി. മാത്രമല്ല ദേശീയപാതയായതിനാല്‍ സംഭവമറിഞ്ഞശേഷം കരിമ്പനപ്പാലം ഭാഗത്ത് ഇടയ്ക്കിടെ ഗതാഗതതടസ്സവുമുണ്ടായിരുന്നു.
Description: 2 people died in a caravan at Vadakara DySP said there were no witnesses and nothing suspicious was found