അഡ്വ.എം.കെ പ്രേംനാഥിന്റെ ഓര്‍മകളില്‍ വടകര; ഒക്ടോബർ ആറുവരെ അനുസ്മരണപരിപാടികൾ


വടകര: സോഷ്യലിസ്റ്റും വടകര മുൻ എം.എൽ.എയും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അഡ്വ. എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തില്‍ വടകരയിലെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ആർ.ജെ.ഡി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറ്കണക്കിന് പേര്‍ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ നടത്തിയ പുഷ്പാര്‍ച്ചനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. തുടർന്ന് അനുസ്മരണസമ്മേളന നഗരിയിലേക്കുള്ള ദീപശിഖ സ്മൃതിമണ്ഡപത്തിൽ നിന്ന് കെ.പി മോഹനൻ എം.എൽ.എ തിരിതെളിയിച്ചു. തുടർന്ന് ലോഹ്യ യൂത്ത് ബ്രിഗേഡ് റിലേയായി ദീപശിഖ സമ്മേളനനഗരിയായ വടകരയിലെത്തിച്ചു. അഞ്ചുവിളക്ക് ജങ്ഷനിൽനിന്ന് റാലി ടൗൺഹാളിൽ സമാപിച്ചു. ആർ.ജെ.ഡി. ജില്ലാപ്രസിഡന്റ് എം.കെ. ഭാസ്കരൻ ദീപശിഖ ഏറ്റുവാങ്ങി.

ചരമവാർഷിദിനത്തില്‍ വടകര കടത്തനാട് വനിതാ സഹകരണസംഘം ഓഫീസിൽ മുൻ എം.പി തമ്പാൻ തോമസ് പ്രേംനാഥിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. മൂല്യാധിഷ്ഠിത രാഷ്ടീയത്തിന്റെയും കളങ്കമില്ലാത്ത പൊതുജീവിതത്തിന്റെയും സൂര്യതേജസ്സായിരുന്നു എം.കെ പ്രേംനാഥെന്ന് അദ്ദേഹം പറഞ്ഞു.

സംഘം പ്രസിഡന്റ് കെ. ലീല അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി.കെ നാണു, ഇ.പി ദാമോദരൻ, ടി.പി ജോസഫ്, മലയിൻകീഴ് ശശികുമാർ, സലിം മടവൂർ, പി.രാജൻ, മനോജ് ടി.സാരംഗ്, ടോമി മാത്യു, വി.എ ലത്തീഫ്, കണ്ടിയിൽ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

കക്കട്ടിൽ ആർ.ജെ.ഡി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ലാകമ്മിറ്റി അംഗം നീലിയോട്ട് നാണു ഉദ്ഘാടനം ചെയ്തു. പി.എം കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. വി.പി വാസു, ഷാജി വട്ടോളി, എ.പി സുമേഷ്, എം. ചന്ദ്രൻ, വിനോദൻ അടിയോടി, കെ.ടി ശോഭ, കുറ്റിയിൽ ശശി, എൻ.കെ വിനോദൻ എന്നിവർ സംസാരിച്ചു.

Description: 1st death anniversary of Adv MK Premnath