കണ്ണൂരില്‍ 19കാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രത


കണ്ണൂർ: കണ്ണൂരില്‍ പത്തൊമ്പതുകാരിയ്ക്ക്‌ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ചെങ്ങളായി വളക്കൈയിൽ സ്വദേശിയായ കുട്ടി നിലവില്‍ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പനി റിപ്പോർട്ട് ചെയ്ത ചെങ്ങളായി പ്രദേശത്ത് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി.

പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. ചത്ത നിലയിൽ കണ്ട പക്ഷിയുടെ ജഡം പരിശോധനയ്ക്കെടുത്തിട്ടുണ്ട്. പ്രദേശത്ത് പക്ഷികൾ അസ്വാഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിർദേശമുണ്ട്. കൊതുകിന്റെ ഉറവിടങ്ങൾ പരിശോധിച്ച സംഘം പരിസര പ്രദേശങ്ങളിലെ വീട്ടുകാർക്ക് കൊതുക് കടി ഏൽക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകി. പനി സർവ്വേ, എന്റേമോളോജിക്കൽ സർവേ എന്നിവയും ഇവിടെ നടത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷം 28 വെസ്റ്റ് നൈല്‍ പനി കേസുകളാണ് ഇതുവരെയായി സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതില്‍ ആറുപേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.

Description: 19-year-old West Nile fever confirmed in Kannur