18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിന്‍ വിതരണം; അടുത്തയാഴ്ച തുടങ്ങിയേക്കും


കോഴിക്കോട്: ജില്ലയിൽ അടുത്താഴ്ച മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകിയേക്കും. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകിത്തുടങ്ങണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവ്. എന്നാൽ, ഇപ്പോഴും 18– 40 വിഭാഗത്തിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമാണു വാക്സീൻ വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്.

രണ്ടാം ഡോസ് വാക്സീൻ എടുക്കാൻ സമയപരിധി പിന്നിട്ട 45,000ത്തോളം പേർ ജില്ലയിലുണ്ടെന്നാണ് കണക്ക്. ആദ്യ ഡോസ് എടുത്ത് 100 ദിവസം പിന്നിട്ടവർ വരെയുണ്ട്. ഇവർക്കു രണ്ടാം ഡോസ് നൽകാതെ എല്ലാവർക്കും സൗജന്യവാക്സീൻ നൽകാ‍ൻ സാധിക്കില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പിനുള്ളത്. ഇന്ന് 54,000 ഡോസ് വാക്സീൻ കൂടി ജില്ലയിലെത്തിയിട്ടുണ്ട്. ഇത് രണ്ടാം ഡോസ് വാക്സീൻ എടുക്കാനുള്ളവർക്കു കൊടുത്തുതീർക്കാനാണ് ലക്ഷ്യമിടുന്നത്.

കോവാക്സീനും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. ആശാപ്രവർത്തകരുമായി ബന്ധപ്പെട്ടും ഓൺലൈനിൽ ബുക്ക് ചെയ്തും സ്പോട് റജിസ്ട്രേഷൻ വഴിയും വാക്സീൻ സ്വീകരിക്കാം. രണ്ടാം ഡോസ് കൊടുത്തുതീർത്ത ശേഷം 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ നൽകാനാണു തീരുമാനം.