18-44 പ്രായക്കാരുടെ വാക്സിനേഷന്‍,അനുബന്ധ രോഗമുളളവരുടെ രജിസ്ട്രേഷന്‍ പ്രയാസമാകുന്നു
കൊയിലാണ്ടി: കോവിഡ് ഇതര രോഗമുളള 18 മുതല്‍ 44 വരെ പ്രായമുളളവരുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ സങ്കീര്‍ണ്ണമാകുന്നു. 18 മുതല്‍ 44 വരെ പ്രായമുളള അനുബന്ധ രോഗമുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവരുടെ വാക്സിനേഷന്‍ രജിസ്ട്രേഷനാണ് പ്രയാസമാകുന്നത്. ജില്ലാ ആരോഗ്യ വകുപ്പ് അംഗീകരിച്ചിട്ടുളള നിശ്ചിത മാര്‍ഗ്ഗത്തിലുളള രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതാണ് പ്രയാസം.
ഈ വിഭാഗത്തിലെ മുന്‍ഗണന പട്ടികയിലുളളവര്‍ വാകിസിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം അവിടെ നിന്ന് ലഭിക്കുന്ന ഐ.ഡി.നമ്പര്‍ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതേ വെബ്സൈറ്റില്‍ ലഭിക്കുന്ന കോ-മോര്‍ബിഡിറ്റി ഫോം പ്രിന്റെടുത്ത് മറ്റ് രോഗങ്ങളുളളതായി ഏതെങ്കിലും ഡോക്ടറെ കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങണം. അത് വീണ്ടും അപ്ലോഡ് ചെയ്യണം. എന്നാല്‍ ജില്ലാ തലത്തില്‍ വാക്സിനേഷന് അപേക്ഷിച്ചവര്‍ മിക്കവരും ഈ ഫോം അപ്ലോഡ് ചെയ്തിരുന്നില്ല. ഇത് കാരണം ഇത്തരം മറ്റ് രോഗങ്ങളുളളവരുടെ അപേക്ഷകള്‍ കൂട്ടത്തോടെ തളളുകയായിരുന്നു.
മുന്‍ഗണന വിഭാഗത്തില്‍ കോഴിക്കോട് ജില്ലയില്‍ ആദ്യ ദിവസം ലഭിച്ചത് 2700 അപേക്ഷകളായിരുന്നു. ഡോക്ടറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കാത്തതിനാല്‍ പത്തില്‍ താഴെ മാത്രം അപേക്ഷകളാണ് സ്വീകരിച്ചത്. സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ കാരണം അപേക്ഷ നല്‍കാന്‍ ഭൂരിപക്ഷം ആളുകള്‍ക്കും സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇന്‍ര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിക്കാത്തതും തിരിച്ചടിയാകുന്നു. ഫോം അപ്ലോഡ് ചെയ്യുന്നതിന് പകരം കയ്യിലുളള മറ്റേതെങ്കിലും ചികില്‍സാ സംബന്ധമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ അനുവാദം നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമാകുമായിരുന്നു.
18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കില്‍ കയറുമ്പോള്‍ മറ്റ് രോഗ വിവരം സംബന്ധമായ അനുബന്ധ രേഖകള്‍ ഉണ്ടെങ്കില്‍ മുന്‍ഗണനാക്രമത്തില്‍ വാക്സിന്‍ ലഭ്യമാകും.നിലവില്‍ കേരളത്തില്‍ മൊത്തത്തില്‍ ലോക് ഡൗണ്‍ ആയതുകൊണ്ടും, നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആയതിനാലും മറ്റ് രോഗബാധിതര്‍ക്ക് അവര്‍ കാണിക്കുന്ന ഡോക്ടറെ കണ്ട് ഈ ഫോം പൂരിപ്പിച്ച് ലിങ്കില്‍ അറ്റാച്ച് ചെയ്യുവാന്‍ ബുദ്ധിമുട്ടാണ്.അതുകൊണ്ട് ഈ ഫോമിനു പകരം നിലവിലുളള ചികില്‍സാ രേഖകള്‍ ഉപയോഗിച്ച് അറ്റാച്ച് ചെയ്യാനുള്ള സൗകര്യം ലഭിക്കുകയാണ് വേണ്ടത്.
ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് ഇത്തരം സൗകര്യം ഏര്‍പ്പെടുത്തുന്നത് സഹായകരമായിരിക്കുമെന്ന് ടൈപ്പ് വണ്‍ ഡയബറ്റിക് വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി.ആര്‍.വിജേഷ് പറഞ്ഞു. കോവിഡ് വ്യാപന സാഹചര്യത്തില്‍ അസുഖമുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കുകയും രോഗികളായവര്‍ ഡോക്ടറെ കണ്ട് ഫോറം സാക്ഷ്യപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്.