17,000 രൂപയടങ്ങിയ പേഴ്‌സ് നഗരത്തില്‍ നിന്നും കളഞ്ഞുകിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കൊയിലാണ്ടി സ്വദേശി


കൊയിലാണ്ടി: നഷ്ടപ്പെട്ട പേഴ്‌സും, എ.ടി.എം ആധാര്‍ രേഖകളും, 17,000 രൂപയും ഉടമയ്ക്ക് തിരിച്ചു നല്‍കി കൊയിലാണ്ടി സ്വദേശി മാതൃകയായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഊരള്ളൂര്‍ സ്വദേശി അസ്മയുടെ പേഴ്‌സാണ് നഗരത്തില്‍ വെച്ച് നഷ്ടപ്പെട്ടത്. വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു.

ഇത് കിട്ടിയ കൊയിലാണ്ടി സ്വദേശി ജ്യോതി പ്രകാശ് ഉടന്‍ തന്നെ ട്രാഫിക് എസ്.ഐ കെ.പ്രകാശനെയും, എ.എസ്.ഐ പി.ശ്രീജിത്തിനെയും, ഏല്‍പ്പിക്കുകയായിരുന്നു. എസ്.ഐ. അസ്മയുടെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയും, കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ജ്യോതി പ്രകാശിന്റെ സാന്നിധ്യത്തില്‍ പേഴ്‌സും, രേഖകളും കൈമാറുകയും ചെയ്തു.