സ്വപ്നങ്ങൾ ബാക്കിയാക്കി അഭിനവ് കൃഷ്ണ മടങ്ങി; ലോകനാര്‍കാവ് ചിറയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചതിന്റെ ഞെട്ടൽ മാറാതെ നാട്


വടകര: ലോകനാര്‍കാവ് ചിറയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും നാട്ടുകാരും. നീന്തിക്കുളിക്കാനെത്തിയ പതിനേഴുകാരനായ ചല്ലിവയലില്‍ മമ്മള്ളിയില്‍ അഭിനവ് കൃഷ്ണയ്ക്കാണ് ഇന്നലെ ജീവൻ നഷ്ടമായത്. കുട്ടി അപകടത്തിൽപ്പെട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ചിറയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്ലസ് ടു പഠനം പൂർത്തിയാക്കിയതായിരുന്നു അഭിനവ്. അവധി ആയതിനാൽ കൂട്ടുകാർക്കൊപ്പം നീന്തിക്കുളിക്കാനാണ് ഇന്നലെ വെെകുന്നേരം ലോകനാർകാവ് ചിറയിലെത്തുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് നീന്തുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു. ചിറ നീന്തി മറ്റൊരു വശത്ത് പോയി തിരിച്ചു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മസില്‍ കയറിയതാണെന്നാണ് പ്രാഥമിക സംശയം.

ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് അഭിനവിന്റെ അപ്രതീക്ഷിത വിയോ​ഗം. വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്ക്കരിക്കും.

ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു