യുവതിയെ പറ്റിച്ച് 16.5 പവന്‍ സ്വര്‍ണവുമായി മുങ്ങിയ കൊഴുക്കല്ലൂർ സ്വദേശി 18 വര്‍ഷങ്ങൾക്ക് ശേഷം പിടിയില്‍
പേരാമ്പ്ര : സുഹൃത്തായ യുവതിയെ കബളിപ്പിച്ച് പതിനാറര പവൻ സ്വർണവുമായി മുങ്ങിയ പേരാമ്പ്ര സ്വദേശിയായ യുവാവ് 18 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കൊഴുക്കല്ലൂർ സ്വദേശി സുനില്‍കുമാറിനെയാണ് (52) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
2003 മാർച്ച് നാലിനാണ് സംഭവം. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശിനിയായ യുവതിയുടെ ആഭരണങ്ങൾ യുവാവ് ലോക്കറിൽ വയ്ക്കാൻ എന്നു വിശ്വസിപ്പിച്ച് കൈക്കലാക്കി മുങ്ങിയെന്നാണു കേസ്. ഇരുവരും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് യുവാവ് ആഭരണങ്ങളുമായി സ്ഥലം വിട്ടത്.
യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടായിരത്തി ഒന്‍പതിലാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി സുനില്‍കുമാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
ഇയാൾക്കു നേരത്തെ ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. ലോങ് പെന്റിങ് കേസായി തുടരുന്നതിനിടെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെയും ഒറ്റപ്പാലം സിഐയുടെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ കണ്ടെത്തിയത്. സുനില്‍കുമാറിനെ കോടതി റിമാൻഡ് ചെയ്തു.