കനത്ത മഴയില്‍ ചോറോട് 16 വീടുകൾ വെള്ളത്തിൽ; ആശങ്കയില്‍ പ്രദേശവാസികള്‍


വടകര: കനത്ത മഴയില്‍ ചോറോട് ഗ്രാമപഞ്ചായത്തിലെ 50 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ദേശീയപാതയ്ക്ക് പടിഞ്ഞാറ്ഭാഗം പത്തൊമ്പതാം വാര്‍ഡില്‍ 16 വീടുകളിലാണ് വെള്ളം കയറിയത്.

രമേശ്‌ ബാബു കക്കോക്കര, ഇബ്രാഹിം റഹീന മൻസില്‍, അസീസ് ടിപ്പുഗർ, വാഴയില്‍ ജാനു അനിരുദ്ധൻ, ഷാബു കല്യാണി സ്വദനം, പവിത്രൻ കക്കോക്കര, ഉസ്മാൻ ചിസ്തി മൻസില്‍, രഞ്ജിത്ത് അകവളപ്പില്‍, ശേഖരൻ അകവളപ്പില്‍, പ്രമീള വാഴയില്‍, അഹമ്മദ് മമ്മൂസ് എന്നിവരുടെ അടക്കം നിരവധി വീടുകളിലാണ് വെള്ളം കയറിയത്.

ദേശീയപാതയില്‍ കലുങ്കിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയിലാണ്. പടിഞ്ഞാറുഭാഗത്തെ വെള്ളം ദേശീയപാതയ്ക്ക് അടിവശത്തെ കലുങ്കിലൂടെ മറുവശത്തേക്ക് ഒഴുകുകയായിരുന്നു പതിവ്. എന്നാൽ നിർമാണം നടക്കുന്നതിനാൽ കലുങ്ക് വഴിയുള്ള ഒഴുക്ക് തടസ്സപ്പെട്ടു. ഇതോടെയാണ് ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയത്. കലുങ്കിന്റെ പണി പൂര്‍ത്തിയായല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളൂ.

പ്രദേശത്ത് മൂന്ന് സ്‌ക്കൂളുണ്ട്. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. കെടി ബസാറിലും താഴ്ന്ന ഭാഗങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. കാലവര്‍ഷം ശക്തമാവുന്നതിന് മുമ്പ് പ്രദേശത്ത് നിന്ന് വെള്ളം ഒഴുക്കി വിടാന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.