14 കിലോ മീറ്റര്‍ ജലയാത്ര, സൗരോര്‍ജ ബോട്ടുകള്‍, കാരവാന്‍; ചക്കിട്ടപാറയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഇങ്ങനെ


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമം തുടങ്ങി പഞ്ചായത്തും ടൂറിസം വകുപ്പും. പെരുവണ്ണാമൂഴി ഡാം റിസര്‍വോയറും വനമേഖലയുമെല്ലാം ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങളുണ്ട്. ഇവ കണ്ടെത്തി കൂടുതല്‍ സഞ്ചാരികളെ മേഖലയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് ഭൂവിസ്തൃതിയില്‍ മൂന്നാംസ്ഥാനത്തുള്ള ചക്കിട്ടപാറ പഞ്ചായത്തിന്റെ എഴുപത് ശതമാനവും വനമേഖയാണ്. മിച്ചം വരുന്ന ഭാഗങ്ങളിലാണ് ജനവാസമുള്ളത്. കൂടാതെ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറുമെല്ലാം പഞ്ചായത്തിന്റെ പരിധിയിലാണുള്ളത്. കരയോടൊപ്പം ജല ഗതാഗതവും പ്രയോജനപ്പെടുത്തി പഞ്ചായത്തിനെ മികച്ച ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മേഖലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നത്. പെരുവണ്ണാമൂഴി റിസര്‍വോയറിലൂടെ കക്കയം കരിയാത്തന്‍പാറവരെ 14 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ജലയാത്രയുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

 

രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ കയാക്കിംഗ് മത്സരങ്ങള്‍ക്ക് വേദിയായത് കുറ്റ്യാടിപ്പുഴയിലെ പറമ്പല്‍ മീന്‍തുള്ളപ്പാറഭാഗമാണ്. വിനോദസഞ്ചാരത്തിനു വലിയ സാധ്യതയുള്ള പ്രദേശമാണ്. ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കനുള്ള പദ്ധതി പഞ്ചായത്ത് ഡി.ടി.പി.സി.ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. ചക്കിട്ടപാറയ്ക്കടുത്തുള്ള കൊത്തിയപാറയും പ്രകൃതിരമണീയമായ പ്രദേശമാണ്. ഇവിടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വികസന സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. അത്‌പോലെ നരിനട, പേരാമ്പ്ര പ്ലാന്റേഷന്‍ വനമേലകള്‍, പെരുവണ്ണാമൂഴി വന്യജീവി സങ്കേതം തുടങ്ങിയവയില്‍ അനന്തമായ സാധ്യതകളാണു നോക്കി കാണുന്നത്.

അക്ക്വേഷ്യ കുന്നുകള്‍, തുരുത്തുകള്‍, പക്ഷി കുന്നുകള്‍, കുളിര്‍മ്മയേകുന്ന കാട്ടരുവികള്‍, വയനാടന്‍ മലനിരകള്‍, കോടമഞ്ഞ്, പ്രകൃതി ഭംഗി ആസ്വദിച്ചുള്ള ജലയാത്ര തുടങ്ങിയവയെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുതകും വിധമുള്ളവയാണ്. ഇതിലെയെല്ലാം സാധ്യതകള്‍ എത്രത്തോളമുണ്ടന്ന് കണ്ടേത്തേണ്ടതുണ്ട്. മലയോര വിനോദസഞ്ചാരസാധ്യതയെക്കുറിച്ചും വിശദമായ പഠനത്തിന് തയ്യാറെടുക്കുമെന്നും രാജീവ് അഞ്ചല്‍ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. കൂടാതെ സൗരോര്‍ജ ബോട്ടുകളും, കാരവാന്‍ ടൂറിസ്സത്തെ കുറിച്ചും വിശദമായി ചര്‍ച്ച നടത്തുമെന്നും ഉറപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്രസംവിധായകന്‍ രാജീവ് അഞ്ചല്‍, ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലംഗം എസ്.കെ. സജീഷ് എന്നിവര്‍ ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിനൊപ്പം കഴിഞ്ഞദിവസം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സാധ്യതകള്‍ ചര്‍ച്ചചെയ്തിരുന്നു. പെരുവണ്ണാമൂഴി റിസര്‍വോയറിലൂടെ കക്കയം കരിയാത്തന്‍പാറവരെ 14 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ജലയാത്രയുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്.

നിരവധി ടൂറിസം സാധ്യതകളുള്ള മേഖലയാണ് ചക്കിട്ടപ്പാറ ഉള്‍പ്പെടുന്ന പേരാമ്പ്ര മണ്ഡലം. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളെ പ്രദേശത്ത് എത്തിച്ച് അവരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ച് പ്രകൃതി സൗഹാര്‍ദ്ദമായ മികച്ച ടൂറിസം പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എസ്.കെ സജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ടി.പി രാമകൃഷണ്ന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര മണ്ഡലത്തിലെ ടൂറിസം ഡസ്റ്റിനേഷനുകള്‍ കണ്ടെത്തി പ്രകൃത സൗഹാര്‍ദ്ധപരമായ രീതിയില്‍ അവ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.