കുറ്റ്യാടി ബൈപാസ്; ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 13.15 കോടി കൈമാറി, ഭൂവുടമകളെ ഉടൻ വിളിച്ച്ചേർക്കും


കുറ്റ്യാടി: കുറ്റ്യാടി ബൈപാസ് യാഥാർത്ഥ്യമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 13.15 കോടി കൈമാറി. തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും ലഭിച്ചതായി കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അറിയിച്ചു. ബൈപാസ് റോഡിന്റെ 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായുള്ള കണ്ടിജന്റ്സ് ഇനത്തിലുള്ള തുകയായ 13.60 ലക്ഷവും ഇതോടൊപ്പം കൈമാറി.

ഉടൻ തന്നെ ഭൂവുടമകളെ വിളിച്ചുചേർത്ത് തുക കൈമാറുന്നതിന്റെ മുൻപ് നൽകേണ്ട നോട്ടിസ് നൽകും. ആർബിഡിസികെയുടെ രേഖാമൂലമുള്ള കത്ത് പരിഗണിച്ച് കിഫ്ബിയിൽ നിന്നാണ് ഈ തുക കൈമാറിയത്. ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കിഫ്ബിയുടെയും ആർബിഡിസികെയുടെയും, കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെയും നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് എംഎൽഎ അറിയിച്ചു. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി കിഫ്ബി, ആർബിഡിസികെ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു.