13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; അമ്പത്തിമൂന്നുകാരന് 22 വര്‍ഷം കഠിനതടവ്


കൊയിലാണ്ടി: ബാലുശ്ശേരിയില്‍ പതിമൂന്ന് വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 22 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചു. നടുവണ്ണൂർ പൂനത്ത് പാലോളി കുന്നുമ്മൽ പി.കെ.മാധവനാണ് കേസിലെ പ്രതി. പ്രകൃതി വിരുദ്ധ പീഡനത്തിന് പത്ത് വർഷവും, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് 12 വര്‍ഷവുമായാണ് ശിക്ഷ വിധിച്ചത്.

ഓരോ കേസിനുമായി 50,000 രൂപ വീതം ആകെ ഒരു ലക്ഷം രൂപ ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവായി. തുക നൽകാത്ത പക്ഷം ഓരോ വർഷം വീതം അധിക ശിക്ഷ കൂടി പ്രതി അനുഭവിക്കേണ്ടി വരും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി.അനിൽ ആണ് ശിക്ഷ വിധിച്ചത്

2019 ൽ ബാലുശ്ശേരി പോലീസ് ആണ് കേസ് എടുത്തത്. ഫുട്ബോള്‍ കളിച്ചു മടങ്ങുന്നതിനിടെ ആണ്‍കുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി ജതിനാണ് ഹാജരായത്.