കാത്തിരിപ്പ് അവസാനിക്കുന്നു; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്, 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ


വടകര: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്. 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടിമാസ്റ്റർ എംഎൽഎ അറിയിച്ചു. പ്രവൃത്തി കഴിയുന്നതോടെ
തോടന്നൂർ ടൗൺ മുതൽ 3.75 കിലോമീറ്റർ വരെയുള്ള ഭാഗത്ത് 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തില്‍ റോഡ് മാറും.

3.75 കി.മീ. മുതൽ ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നിലവിലുള്ള 3.8 മീറ്റർ വീതിയിൽ നിന്നും 5.5 മീറ്ററായി വീതി വർദ്ധിപ്പിച്ച് റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തും. ഇത്തരത്തിൽ തൊടന്നൂർ ടൗണിൽ നിന്നും 7.7 കിലോമീറ്റർ ഭാഗമാണ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക. അത്യാവശ്യം ഉള്ള ഭാഗങ്ങളിൽ റോഡിൻറെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുമെന്നും എംഎല്‍എ അറിയിച്ചു.

തോടന്നൂർ ടൗണിൽ നിന്നും ആരംഭിച്ച് മണിയൂർ ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള പിഡബ്ല്യുഡി റോഡാണ് തോടന്നൂർ ഇടിഞ്ഞ കടവ് റോഡ്. ഈ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണിയൂർ – തിരുവള്ളൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും നിരന്തരമായ ആവശ്യം
ഉയർന്നിരുന്നു. തുടർന്ന് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 12 കോടി രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനം നൽകുകയും, മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തിക്ക് ധനകാര്യ വകുപ്പിൻറെ അനുമതി ലഭിക്കുകയും തുടർന്ന് സാങ്കേതിക അനുമതി നടപടികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് എംഎല്‍എ അറിയിച്ചു.

ഇതിനുശേഷം പ്രവർത്തി ടെൻഡർ ചെയ്യുകയും കരാർ നടപടികൾ പൂർത്തിയാക്കുകയും ഉണ്ടായി. മാത്രമല്ല 7 പുതിയ കൾവേർട്ടുകൾ നിർമ്മിക്കും. കൂടാതെ 5 കൾവേർട്ടുകൾ പുതുക്കിപ്പണിയും. പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി ചെരണ്ടത്തൂർ ചിറ ഭാഗത്ത് വ്യൂ പോയിൻറ് നിർമ്മിക്കും. റോഡ് വീതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും എംഎല്‍എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. ഈറോഡ് പ്രവൃത്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ ഗുണഭോക്താക്കളുടെ യോഗം ആഗസ്റ്റ് 28ആം തീയതി വിളിച്ചിട്ടുണ്ട്.
ജനങ്ങൾക്കായി മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കുക എന്ന എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത നയത്തിൻ്റെ ഭാഗമായാണ് 12 കോടി രൂപയുടെ ഈ പ്രവൃത്തി നടപ്പിലാകുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി.

Description: 12 crores work will starts on Thodannoor idinja Kadav road