12 കോടി രൂപയുടെ റോഡ് നവീകരണത്തിന് അനുമതി; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും
മണിയൂർ: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്തരത്തൂരിൽ റോഡ് കമ്മിറ്റിയുടെ യോഗം ചേർന്നു. എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റോഡ് നവീകരണത്തിനായി സംസ്ഥാന സർക്കാരിൽ നിന്നും 12 കോടി രൂപയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തിയുടെ സുഖമമായ നടത്തിപ്പിനായി വിപുലമായ യോഗം വിളിച്ചു ചേർത്തത്.
യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിയർ നിധിൻ ലക്ഷ്മണൻ പദ്ധതി വിശദീകരിച്ചു. പദ്ധതി വിജയകരമായി പൂർത്തീകരിക്കുന്നതിനായി യോഗത്തിൽ പങ്കെടുത്തവർ പൂർണ്ണ പിന്തുണ അറിയിച്ചു.
മണിയൂർ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോടന്നൂർ ഇടിഞ്ഞ കടവ് നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫിനെയും കൺവീനറായി റിട്ടയേഡ് എക്സിക്യൂട്ടിവ് എൻജിനിയർ ചന്ദ്രനെയും യോഗം തെരഞ്ഞെടുത്തു. പ്രദേശവാസികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Summary: 12 crore road renovation sanctioned; Thodannoor Idinjha Katavu road work will be completed in time