12 മുതല്‍ 17 വയസ് വരെയുള്ളവര്‍ക്കും വാക്സിന്‍; ‘സൈകോവ് ഡി’ അടുത്ത മാസം മുതല്‍ നല്‍കും


ന്യൂഡല്‍ഹി: 12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്‌സിന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്‌സിനായിരിക്കും നല്‍കുക. ഈ പ്രായത്തിലെ ഗുരുതര രോഗമുള്ളവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന. രാജ്യത്ത് കുട്ടികളില്‍ കുത്തിവയ്ക്കാന്‍ അടിയന്തര അനുമതി ലഭിച്ചിട്ടുള്ളത് സൈകോവ് ഡി വാക്സിന് മാത്രമാണ്.

ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അധിഷ്ഠിതമായ വാക്സിനാണ് സൈകോവ് ഡി. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നത് ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള കൗമാരക്കാര്‍ക്ക് ആയിരിക്കും ഈ വര്‍ഷം വാക്സിന്‍ ലഭിക്കുക. കൗമാരക്കാരുടെ വാക്സിനേഷന്റെ ആദ്യ റൗണ്ടില്‍ 20-30 ലക്ഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കും. ആദ്യ റൗണ്ടില്‍ 40 ലക്ഷം ഡോസ് വാക്സിന്‍ സൈകോവ് ഡി എത്തിക്കുമെന്നാണ് സൂചന. ഡിസംബറോടെ 4-5 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നു.

അതേസമയം രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഢ് പിജിമെര്‍. സിറോ സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ല. 71% കുട്ടികളിലും സിറോ സര്‍വേയില്‍ ആന്റിബോഡി കണ്ടെത്തി.