‘കഴിഞ്ഞ തവണ പതിനൊന്നാമത്‌, പത്തുപേരെ പിന്തള്ളി ഇത്തവണ ഒന്നാമതെത്തി, അടുത്തത് ഒളിമ്പിക്‌സ്’; ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ ചക്കിട്ടപാറ സ്വദേശിനി നയന ജെയിംസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു



‘നിരവധി തവണ പരിശീലനം നിര്‍ത്തി സ്‌പോര്‍ട്‌സിനോട് വിടപറയാന്‍ ശ്രമിച്ചിരുന്നു, ഓരോ കാരണങ്ങള്‍ വീണ്ടുമെന്നെഗ്രൗണ്ടിലേക്ക് എത്തിച്ചു. മടങ്ങിവരവിലൊക്കെ ഊര്‍ജമായി ചെറുതുംവലുതുമായ വിജയങ്ങള്‍ ഒപ്പമുണ്ടായിരുന്നു’. ദേശീയ ഗെയിംസ് അത്ലറ്റിക്സില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടിയ ചക്കിട്ടപാറ സ്വദേശിനി നയന ജെയിംസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് മനസു തുറക്കുന്നു…

കുഞ്ഞുന്നാള്‍ മുതല്‍ സ്‌പോര്‍ട്‌സിനോട് താത്പര്യമായിരുന്നു, വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍ അതിനെ കൂടെ കൂട്ടി. എന്നാല്‍ യാത്രവേളയില്‍ പല കാരണങ്ങളാല്‍ സ്‌പോര്‍ട്‌സിവോട് വിട പറയുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ പോയ സാഹചര്യവുമുണ്ടായി. എന്നാല്‍ ആ സമയങ്ങളിലൊക്കെ എന്നിലെ കായിക താരത്തെ മനസിലാക്കി ഊര്‍ജമേകാന്‍ അവരെത്തിയിരുന്നു. അതാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് നയന പറയുന്നു.

കഴിഞ്ഞ തവണത്തെ 11-ാം സ്ഥാനക്കാരിയില്‍ നിന്നാണ് ഇത്തവണ നയന സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. സ്വന്തം സംസ്ഥാനത്തിന് വേണ്ടിയാണ് ട്രാക്കിലിറങ്ങിയതെന്ന സന്തോഷം വിജയത്തിന് ഇരട്ടി മധുരമായി. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ആന്ധ്രപ്രദേശിന് വേണ്ടിയായിരുന്നു നയന മത്സരിച്ചത്.

‘ആറാം ക്ലാസ് മുതലാണ് സീരിയസായിട്ട് പരിശീലനം നോക്കിത്തുടങ്ങിയത്. ലോങ് ജമ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പത്താം ക്ലാസിലെത്തിയിട്ടും പ്രതീക്ഷിക്കുന്ന തരത്തിലേക്ക് ഉയരുന്നില്ലെന്ന് തോന്നിയപ്പോള്‍ പരിശീലനം നിര്‍ത്താമെന്ന് വരെ ചിന്തിച്ചിരുന്നു. ആ സമയത്താണ് ശുഭപ്രതീക്ഷയേകി സംസ്ഥാന തല മത്സരത്തില്‍ മെഡല്‍ നേടുന്നത്. അതോടെ ചിന്തമാറി. അതേ വര്‍ഷം ദേശിയ മത്സരത്തില്‍ റെക്കോര്‍ഡോടെ ഗോള്‍ഡ് മെഡല്‍ നേടാനായി’- നയന പറഞ്ഞു.

പ്ലസ് ടു വിന് ശേഷം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ബോധ്യമായതോടെ വീണ്ടും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. എന്‍ട്രസ് കോച്ചിങ്ങിനൊക്കെ പോയി. ആ സമയത്താണ് ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ കോള്‍ എന്നെത്തേടി എത്തുന്നത്. തിരുവനന്തപുരത്തുള്ള കേളേജില്‍ അഡ്മിഷന്‍ നേടാമെന്നും പഠനത്തോടൊപ്പം സ്‌പോര്‍ടിലും തുടരാമെന്നുന്നാണ് അവര്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ അത് ജീവിതത്തിലെ മറ്റൊരു ടേര്‍ണിംഗ് പോയിന്റായിമാറുകയായിരുന്നു. അവരുടെ ശിഷ്യണത്തില്‍ രണ്ടു വര്‍ഷം പരിശീലനം തുടര്‍ന്നെങ്കിലും പെര്‍ഫോമന്‍സ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. അപ്പോഴും നിര്‍ത്താമെന്ന ചിന്ത മനസിലുണ്ടായിരുന്നു.

എന്നാല്‍ അവസാന വര്‍ഷമല്ലേ ഇത്തവണത്തെ പ്രകടനം കൂടെ നോക്കിയിട്ട് തീരുമാനിക്കാമെന്ന ബന്ധുക്കളുടെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്നതായിരുന്ന നയനയുടെ പിന്നീടുള്ള പ്രകടനങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ നാഷണല്‍, ഇന്റര്‍ നാഷണല്‍ മെഡലുകളാണ് നയന സ്വന്തമാക്കിയത്.

ലോങ് ജമ്പിന് പുറമേ ഹഡില്‍സിലാണ് നയന മത്സരിക്കുന്നത്. 2017-ല്‍ ഈ രണ്ടിനങ്ങളിലും സ്വര്‍ണ്ണം നേടാന്‍ നയനയ്ക്ക് കഴിഞ്ഞു. ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ഏഷ്യന്‍ ഇന്റോര്‍ ഗെയിംസ്, ഏഷ്യന്‍ ?ഗെയിംസ് തുടങ്ങി നിരവധിയായ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കലം തുടങ്ങിയ മെഡലുകള്‍ കരസ്ഥമാക്കാന്‍ നയനയ്ക്ക് സാധിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിലും നയന പങ്കെടുത്തിരുന്നു.

‘പരാജയങ്ങളേറ്റു വാങ്ങുമ്പോള്‍ കളിക്കളത്തോട് വിട പറയരുത്, കോച്ചിന്റെ കീഴില്‍ പരിശീലനത്തിന് പോകുന്നില്ലെങ്കിലും കൃത്യമായി ഫിറ്റ്‌നസ് സൂക്ഷിക്കണം, മത്സരത്തില്‍ മെഡല്‍ ലഭിച്ചോ ഇല്ലയോ എന്നതിനേക്കാളുപരി എന്റെ പാഷനെ ഞാന്‍ എപ്പോഴും ഒപ്പം കൂട്ടിയിരുന്നു’. അതാണ് തന്റെ വിജയത്തിന്റെ രഹസ്യം. 2024-ലെ ഒളിമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കണമെന്നതാണ് ഇനിയുള്ള ആഗ്രഹമെന്ന് നയന പറയുന്നു.

ചക്കിട്ടപാറ മാളിയേക്കല്‍ ജയിംസിന്റെയും ടെസിയുടെയും മകളാണ്. കായിക താരമായ സച്ചിന്‍ ജയിംസ് സഹോദരനാണ്. ക്രിക്കറ്റ് താരമായ കെവിനാണ് നയനയുടെ ഭര്‍ത്താവ്. ചെന്നൈയില്‍ ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടറാണ് നയന.