വളയത്ത് വിവാഹഘോഷത്തിനിടെ കാറുകളിൽ അപകടകരമായി യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ച സംഭവം; വരനുൾപ്പടെ 11 പേർ പിടിയിൽ


 

വളയം: കല്ലാച്ചി പുളിയാവ് റോഡിൽ വിവാഹഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായി യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ 11 പേർ പിടിയിൽ. കല്ലാച്ചി സ്വദേശിയായ വരനും കാറിൽ സഞ്ചരിച്ച യുവാക്കളുമാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനം വളയം പോലീസ് കസ്റ്റഡിയിലെടുത്തു.

അപകടകരമായ ഡ്രൈവിംഗ്, പൊതു ​ഗതാ​ഗതം തടസപ്പെടുത്തി, സ്ഫോടക വസ്തു അലക്ഷ്യമായി കൈകാര്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പുളിയാവ് റോഡിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വിവാഹപാർട്ടിയിൽ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറുകളിൽ അഭ്യാസപ്രകടനം നടത്തിയത്.

കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തും റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്ന് കാറുകളിലാണ് യുവാക്കൾ ഇത്തരത്തിൽ അപകടകരമായി യാത്ര ചെയ്തത്. മാത്രമല്ല യാത്രയ്ക്കിടെ മൂന്ന് കിലോമീറ്ററോളം ദൂരം പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്തിരുന്നു. പ്രിൻസിപ്പൽ എസ് ഐ മോഹനൻ, എസ്​ഐ രമേശൻ, സിപിഒമാരായ പ്രകാശൻ, പ്രജിത് എന്നിവരാണ് കേസ് അന്വേഷിച്ചത്.