മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, കൗണ്‍സലിംഗ്; വയോജനങ്ങളെ ചേർത്തുപിടിച്ച് സർക്കാർ, ‘വയോമിത്രം’ പദ്ധതിക്ക് 11 കോടി രൂപ കൂടി
തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു അറിയിച്ചു. നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
65 വയസ്സിനു മുകളില്‍ പ്രായമുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗണ്‍സലിംഗ്, പാലിയേറ്റീവ് കെയര്‍, ഹെല്‍പ്പ് ഡെസ്ക് സേവനം തുടങ്ങിയവ നല്‍കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേക്കും വ്യാപിപ്പിച്ചുകഴിഞ്ഞ പദ്ധതി മൂന്നു ബ്ലോക്ക് പഞ്ചായത്തിലും കൂടി ആരംഭിച്ചിട്ടുണ്ട്.

സൗജന്യ ചികിത്സക്ക് പുറമെ മുതിര്‍ന്ന പൗരന്മാർക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന പരിപാടികള്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയവയും വയോമിത്രം വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ, പദ്ധതി നഗരപ്രദേശങ്ങളിലെ മുതിര്‍ന്നപൗരന്മാരുടെ കൂട്ടായ്മയായി വളര്‍ത്താനുളള ശ്രമങ്ങളിലാണ് സാമൂഹ്യ സുരക്ഷാ മിഷനെന്നും മന്ത്രി പറഞ്ഞു.
വയോമിത്രം പദ്ധതി അടക്കമുള്ള മുതിര്‍ന്ന പൗരന്മാർക്കായുള്ള ക്ഷേമപദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയതിനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വയോശ്രേഷ്ഠ സമ്മാന്‍ പുരസ്കാരം സംസ്ഥാനം നേടിയിരുന്നത്.
Description: 11 crores more for the 'Vayomitram' scheme by the government to keep the elderly together