നൂറ് ദിനം തൊഴിലുറപ്പ് പണിയെടുത്തോ, എന്നാല്‍ ഓണത്തിന് സര്‍ക്കാര്‍ വക കൈനീട്ടം; 1000രൂപ ഉത്സവബത്ത


തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉത്സവബത്ത നല്‍കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭിക്കുന്നതായിരിക്കും.

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും.

summary: 1000rupees onam bonus by the government for all workers who have completed 100 days of mgnreg work