പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേര്‍ കുന്ദമംഗലത്ത് പിടിയില്‍


കോഴിക്കോട്: പത്തുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കുന്ദമംഗലത്തുവെച്ചാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഷാഫി (28), ചെലവൂര്‍ മായനാട് സ്വദേശി വിനീത് (22) എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു.

സംഘത്തെ കേന്ദ്രീകരിച്ച് കുറച്ചുനാളുകളായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.തമ്പി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ.ഗോപി, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രതീഷ് ചന്ദ്രന്‍, ഹരീഷ് പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍ വൈശാഖ്, അജിത്ത്, റനീഷ്, അഖില്‍, ഡബ്ല്യു.സി.ഒ ലതമോള്‍, സ്രിജി എന്നിവരാണ് വാഹന പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.