ചോറോട് കല്ലറക്കൽ തോടിന് ഡ്രൈനേജും ഫുട്പാത്തും നിർമ്മിക്കാൻ 1.5 കോടിയുടെ പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ചെയ്ത് കെ.കെ.രമ എം.എൽ.എ
വടകര: ചോറോട് പഞ്ചായത്തിലെ 20, 21 വാർഡുകളിലൂടെ കടന്നുപോകുന്ന കല്ലറക്കൽ തോടിന് ഡ്രൈനെജും ഫുട്പാത്തും നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റ് ഫണ്ടിൽ നിന്നും അനുവദിച്ച 1.5 കോടിയുടെ പ്രവൃത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വടകര എം.എൽ.എ കെ.കെ.രമ നിർവഹിച്ചു.
ഏറെ കാലമായുള്ള പ്രദേശവാസികളുടെ വലിയ ആവശ്യങ്ങളിൽ ഒന്നാണ് പ്രവൃത്തി പൂർത്തീകരിക്കുന്നതിലൂടെ യഥാർഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു. വാർഷിക ബജറ്റിൽ നിന്നും നിയോജക മണ്ഡലങ്ങളിലെ ആവശ്യങ്ങൾ മുൻനിർത്തി എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾക്ക് നിശ്ചിത തുക അനുവദിച്ചു കിട്ടും.
കല്ലറക്കൽ ഡ്രൈനെജ് കം ഫുട്പത്തിന്റ ഗൗരവം മനസിലാക്കിയാണ് ഈ പ്രവൃത്തി ബജറ്റ് ഫണ്ടിലേക്ക് നിർദ്ദേശിച്ചതെന്നും ഇപ്പോൾ ഇതിന്റെ പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വി.പി അബൂബക്കർ സ്വാഗതം പറഞ്ഞു. മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഹബി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള കൃഷ്ണാർപിതം, വാർഡ് മെമ്പർ ആബിദ.എൻ.സി, സി.വി ബാബു, വി.സി ഇഖ്ബാൽ, അഡ്വക്കേറ്റ് നജ്മൽ പി.ടി.കെ, സദാശിവൻ.കെ.കെ, മഹമൂദ്.വി.പി എന്നിവർ സംസാരിച്ചു. കമ്മറ്റിയുടെ ചെയർമാൻ ലത്തീഫ്.പി.പി നന്ദി പറഞ്ഞു.
Summary: 1.5 crore project to construct drainage and footpath for Chorod Kallarakkal canal; KK Rama MLA inaugurated the work