0.5 ശതമാനം പലിശനിരക്കില്‍ രണ്ടുലക്ഷം രൂപ വായ്പ, മേസേജിന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് പതിനായിരം രൂപ; വേണം അതീവ ജാഗ്രത
കോഴിക്കോട്: കുറഞ്ഞ പലിശ നിരക്കില്‍ ലക്ഷങ്ങള്‍ വായ്പ വേണോ? ചോദ്യം കേട്ട് അമ്പരക്കണ്ട. പലരേയും തേടി ഇപ്പോഴെത്തുന്ന മേസേജാണിത്. ഇത്തരത്തില്‍ വന്ന മേസേജിലൂടെ പണം നഷ്ടമായിരിക്കുകയാണ് കോഴിക്കോട് സ്വദേശിനിക്ക്.
0.5 ശതമാനം പലിശനിരക്കില്‍ നിങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വായ്പ വേണോ. അതും അഞ്ച് മിനിറ്റിനുള്ളില്‍… ഫോണിലേക്കുവന്ന മേസേജിന് യുവതി മറുപടി നല്‍കി. വായ്പ ആവശ്യമുള്ളയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, മെയില്‍ ഐ.ഡി. എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മെസേജായി നല്‍കി.
വായ്പയുടെ ചെറിയൊരു ശതമാനം അവര്‍ പറയുന്ന അക്കൗണ്ടിലിട്ടുനല്‍കാന്‍ പറഞ്ഞതോടെ 10,000 രൂപ അയച്ചുകൊടുത്തു. പിന്നീട് ഒരു വിവരവുമില്ലാതായപ്പോള്‍ അവരുടെ സൈറ്റിലുള്ള നമ്പറില്‍ വിളിച്ചു. ഒരു മറുപടിയും ലഭിച്ചില്ല. വാട്‌സാപ്പ് വഴി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങി. ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ നമ്പറും ഫോട്ടോകളും ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നായി കാര്യങ്ങള്‍. ഒടുവില്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇത്തരം കേസുകളില്‍ ഒന്ന് മാത്രമാണിത്. സമ്പത്തികമായി ബുദ്ധിമുട്ടിലായവരെയാണ് ഇത്തരക്കാര്‍ കുടുതലും ഉന്നംവെക്കുന്നത്.
ഓണ്‍ലൈനായി ഒരു രേഖകളും ഇല്ലാതെ പണം നല്‍കാമെന്നാണ് പറയുന്നത്. ഗൂഗിള്‍പേ, ഇന്‍സ്റ്റഗ്രാം വഴിയും മെസേജുകള്‍ വരുന്നത് സ്ഥിരമാണ്. പണത്തിനാവശ്യമുള്ളവരാണെങ്കില്‍ എന്താണെന്ന് അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യും. അപ്പോള്‍മുതല്‍ മൊബൈലിന്റെ പ്രവര്‍ത്തനം തട്ടിപ്പുകാരുടെ കൈവശമായിരിക്കും. അതോടെ ഫോണിലെ സ്വകാര്യഫയലുകളെല്ലാം തട്ടിയെടുത്ത് ദുരുപയോഗം ചെയ്യലും ഭീഷണിയും തുടങ്ങും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മലയാളത്തിലും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലേക്കാണ് സൈബര്‍ പോലീസിന്റെ അന്വേഷണം ചെന്നെത്തുന്നത്. അവിടെപ്പോയി പ്രതികളെ പിടികൂടുക എന്നത് എളുപ്പമല്ലെന്ന് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കോവിഡ് തുടങ്ങിയപ്പോള്‍ ആളുകള്‍ കൂടുതലായി ഓണ്‍ലൈനിലേക്ക് മാറിയത് തട്ടിപ്പുകാര്‍ക്ക് എളുപ്പമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തട്ടിപ്പിനിരയായവര്‍ ജനങ്ങളറിയാതിരിക്കാന്‍ ആരോടും പറയാതെ പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ചതിയില്‍പ്പെടുന്നത് ഉന്നതവിദ്യാഭ്യാസമുള്ളവര്‍
സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ ജീവിക്കുന്ന ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പില്‍ കൂടുതലായും കുടുങ്ങുന്നത്. അധ്യാപകര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
നഗരത്തിലെ പ്രധാനപ്പെട്ട ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ച് സമ്മാനത്തുകയുടെ നികുതിയായ 70 ലക്ഷത്തോളം രൂപ അയച്ചുകൊടുത്തു. പിന്നീടാണ് തട്ടിപ്പില്‍പ്പെട്ട വിവരം വെളിവാകുന്നത്. ഈ പണം തിരിച്ചുകിട്ടിയിട്ടില്ല. ഇത്തരത്തില്‍ അബദ്ധത്തില്‍ തട്ടിപ്പിനിരയാകുന്നവരുമുണ്ട്. കെ.എസ്.ഇ.ബി.യുടെ ബില്ല് അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് വിരമിച്ച ഉദ്യോഗസ്ഥനില്‍നിന്ന് 50,000 രൂപ തട്ടിയതും ഈയടുത്താണ്.
ബസ് ടിക്കറ്റ് എടുത്തപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടതും ഒ.എല്‍.എക്‌സില്‍ ആര്‍മി ഉദ്യോഗസ്ഥനെന്ന പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ സംഭവവുമുണ്ട്.
പെട്ടെന്ന് പരാതിപ്പെടണം
തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അറിഞ്ഞാല്‍ സൈബര്‍ പോലീസില്‍ പെട്ടെന്ന് പരാതി നല്‍കിയാല്‍ തിരിച്ചുകിട്ടാനുള്ള സാധ്യതയും കൂടുമെന്ന് സൈബര്‍ അധികൃതര്‍ പറയുന്നു. നിമിഷ നേരങ്ങള്‍കൊണ്ട് തട്ടിപ്പുകാര്‍ അക്കൗണ്ടില്‍നിന്ന് പണം ഒേട്ടറെ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് രീതി.
ദിവസങ്ങള്‍ കഴിഞ്ഞാല്‍ പണം തിരികെക്കിട്ടാന്‍ ബുദ്ധിമുട്ടാണ്. സി.ഐ.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ക്ക് വീട് വാടകയ്‌ക്കെടുക്കാനെന്ന പേരില്‍ ഓണ്‍ലൈനായി തട്ടിയെടുത്ത പണം സൈബര്‍ സെല്ലിന്റെ ഇടപെടലിലൂടെ വീട്ടുടമയ്ക്ക് തിരിച്ചുകിട്ടിയിട്ടുണ്ട്. റിട്ട.സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ കോട്ടൂളി സ്വദേശി രാമചന്ദ്രന് നായര്‍ക്കാണ് 85,000രൂപ തിരികെ ലഭിച്ചത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സോഷ്യല്‍ മീഡിയ അക്കൗണ്ട് സ്വകാര്യമാക്കുക
പരിചയമില്ലാത്തവരുമായുള്ള ഓണ്‍ലൈന്‍ സൗഹൃദം ഒഴിവാക്കുക
ഓണ്‍ലൈന്‍ പണമിടപാട് നടത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക
വ്യാജ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്‌പോള്‍ ശ്രദ്ധിക്കുക
വ്യാജ മെസേജുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക