‘ഹോട്ടലില്‍ ഇരുന്നു കഴിക്കണം’: കോഴിക്കോട് ഹോട്ടലുടമ നിരാഹാര സമരത്തില്‍


കോഴിക്കോട്: ലോക്ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമയുടെ നിരാഹാരസമരം.മെഡിക്കല്‍ കോളേജിനു സമീപത്തെ ‘തൃപ്തി’ ഹോട്ടലുടമ അശോകനാണ് നിരാഹാര സമരം നടത്തുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോട്ടല്‍ ഭക്ഷണം ഹോം ഡെലിവറി മാത്രമായി. വീടിനു പുറത്ത് പോയി തൊഴിലെടുക്കുന്നവര്‍ക്കും ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ഇരുന്ന് കഴിക്കാനിടമില്ലാതായി. ഇവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കുന്നതുവരെ നിരാഹാരമിരിക്കാനാണ് അശോകന്റെ തീരുമാനം.

30 വര്‍ഷമായി മെഡിക്കല്‍ കോളേജ് പരിസരത്ത് ഹോട്ടല്‍ നടത്തുകയാണ് അശോകന്‍. ചെറിയ തുകയ്ക്ക് ഭക്ഷണം നല്‍കുന്നതോടൊപ്പം ആശുപത്രിയിലെ രോഗികള്‍ക്കായി സൗജന്യ കഞ്ഞി വിതരണമുള്‍പ്പെടെ നടത്തുന്നുണ്ട് ഇദ്ദേഹം.’നാടുവിട്ട് അന്യദേശത്ത് തൊഴിലെടുത്തു ജീവിക്കുന്നവര്‍ വിശപ്പ് മാറ്റാന്‍ ഹോട്ടലിനെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാരില്‍ പാവപ്പെട്ടവര്‍ക്ക് എന്റെ ഹോട്ടലില്‍നിന്ന് ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. ഇത് എവിടെയിരുന്ന് കഴിക്കുമെന്നത് പ്രശ്‌നമാണ്. ഒരിക്കല്‍ ഗര്‍ഭിണിക്കും കുടുംബത്തിനും സൗജന്യമായി കൊടുത്ത ഭക്ഷണം കഴിക്കാന്‍ ഇടമില്ലാതായപ്പോള്‍ ഹോട്ടലില്‍ ഇടം നല്‍കി. ഇതിന് ആരോഗ്യവകുപ്പ് താക്കീത് ചെയ്തതാണ് ഇത്തരമൊരു നിരാഹാരത്തിന് പ്രേരണയായതെന്ന് അശോകന്‍ പറഞ്ഞു.

പ്രശ്‌നം ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു പരിഗണനയും കിട്ടിയില്ല. തൃപ്തി ഹോട്ടലില്‍നിന്ന് പാവപ്പെട്ടവര്‍ക്കും ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കും ആശ്രിതര്‍ക്കും സൗജന്യമായി പാര്‍സല്‍ ഭക്ഷണം നല്‍കുന്നത് തുടരുന്നതിനൊപ്പം ദിവസവും രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുമണി വരെ നിരാഹാരവുമനുഷ്ഠിക്കാനാണ് അശോകന്റെ തീരുമാനം. കോവിഡ് ഒന്നാം ഘട്ടത്തില്‍ മണാശ്ശേരിയിലെ തന്റെ പുതിയ കെട്ടിടം പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ താമസിക്കാന്‍ അശോകന്‍ വിട്ടുകൊടുത്തത് വാര്‍ത്തയായിരുന്നു.