ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ചിത്രം പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദനം, കണ്ണൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഹോട്ടലിലെ ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഡോക്‌ടര്‍ക്ക് നേരേ അക്രമം. സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്നുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
കണ്ണൂര്‍ പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലെത്തിയ ബന്തടുക്ക പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുബ്ബരായയെ ആക്രമിച്ചതിന് ഹോട്ടലുടമ ചുമടുതാങ്ങി കെ.സി.ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി.ദാസന്‍ (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കണ്ണൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഡോ. സുബ്ബരായയും ആസ്പത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ശൗചാലയത്തില്‍ പോയപ്പോഴാണ് ശൗചാലയത്തില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായി ഇവര്‍ കണ്ടത്. ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തു.
ഇതുകണ്ട് പ്രതികള്‍ ഡോക്ടറെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പോകാന്‍ വിടില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബു, എസ്.ഐ. രൂപ മധുസുദനന്‍ എന്നിവരടങ്ങിയ പോലീസ് സംഘം മൂവരെയും അറസ്റ്റ് ചെയ്തു.