ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ


കോഴിക്കോട്: ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ‌ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപയാണ്. ഇതില്‍ 44 ശതമാനം പിഴയും പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനാണ് ഈടാക്കിയത്.

വൃദ്ധരോ സ്ത്രീകളോ കുട്ടികളോ ആരുമാകട്ടെ ഹെല്‍മറ്റില്ലെങ്കില്‍ പിഴ തന്നെ. ആരോടും മൃദു സമീപനം വേണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടും ഒരു വിഭാഗം ഇതിനോട് വിമുഖത കാണിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2019ല്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയായി ഈടാക്കിയത് 1.3 കോടി രൂപ. ഇതില്‍ എട്ടര ലക്ഷം രൂപ പിന്‍സീറ്റ് ഹെല്‍മറ്റ് ധരിക്കാത്തതിനാണ്. 2020ല്‍ എത്തിയപ്പോള്‍ ഒരു കാര്യ ഉറപ്പായി പലരുടെയും പോക്കറ്റ് ചോര്‍ന്നു. 2 കോടി രൂപയാണ് ഹെല്‍മറ്റില്ലാത്തതിന് മലയാളികള്‍ പിഴ നല്‍കിയത്. ഇതില്‍ 67 ലക്ഷം രൂപ പിന്‍സീറ്റ് ഹെല്‍മറ്റില്ലാത്തതിനും.

ഇനി ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇതുവരെ 77 ലക്ഷം രൂപയാണ് പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയായി നല്‍കേണ്ടിവന്നത്. അപ്പോള്‍ കണക്ക് കണ്ടല്ലോ. ഓടിക്കുന്നയാള്‍ക്ക് ഹെല്‍മറ്റുണ്ടെന്ന് കരുതി പുറകില്‍ കയറി ഹെല്‍മറ്റില്ലാതിരുന്നാല്‍ ഓടിക്കുന്നവന്‍റെ കീശ കീറും.