ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ അവശേഷിക്കേ; ബിപിന്‍ റാവത്തിന്റെ നില അതീവഗുരുതരം, മരണം 11 ആയി
കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചെന്ന് റിപ്പോര്‍ട്ട്. തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ എത്രയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗുരുതരാവസ്ഥയിലായ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ കോയമ്പത്തൂരില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. 11.47-നാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂരില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്.
ഡല്‍ഹിയില്‍നിന്ന് ബിപിന്‍ റാവത്ത് അടക്കം ഒമ്പത് പേരുടെ സംഘമാണ് തമിഴ്‌നാട്ടിലെത്തിയത്. പിന്നീട് സൂലൂരില്‍നിന്ന് അഞ്ചുപേര്‍ കൂടി ഹെലികോപ്റ്ററില്‍ കയറി. ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റു സ്റ്റാഫംഗങ്ങളുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനികത്താവളത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു സംയുക്ത സൈനിക മേധാവി. എന്നാല്‍, ഉച്ചയ്ക്ക് 12.20-ഓടെ കൂനൂരിനടുത്ത് കാട്ടേരിയില്‍വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററില്‍നിന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ ആദ്യം വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് വെല്ലിങ്ടണിലെ സൈനിക ക്യാമ്പില്‍നിന്ന് സൈനികരും മറ്റും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.
അപകടം സംഭവിച്ച് മണിക്കൂറുകള്‍ക്കം തന്നെ വിവരം പുറത്തറിഞ്ഞിരുന്നു. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെയുള്ളവരാണെന്ന് വ്യോമസേനയും വൈകാതെ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തിന്റെ എല്ലാ കണ്ണുകളും കൂനൂരിലേക്കായി. അപകടവിവരം സ്ഥിരീകരിച്ചതിന് പിന്നാലെ അപകടസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് രാജ്യം നടുങ്ങി.