ഹൃദയം കൊണ്ട് സംവദിക്കുന്ന അധ്യാപകന് പ്രസക്തി നഷ്ടപ്പെടില്ല: ബാലചന്ദ്രന്‍ പാറച്ചോട്ടില്‍


പേരാമ്പ്ര: ഹൃദയം കൊണ്ട് സംവദിക്കുന്ന അധ്യാപകര്‍ക്ക് ഒരിക്കലും പ്രസക്തി നഷ്ടപ്പെടുന്നില്ലെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ പറഞ്ഞു. അസൂയാര്‍ഹമായ ഗ്രഹത്തില്‍ അസൂയാര്‍ഹനായ ജീവിയായ മനുഷ്യന്റെ അസൂയാര്‍ഹമായ പ്രൊഫഷനാണ് അധ്യാപനമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക ദിനത്തോടനുബന്ധിച്ച് ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്റ് എംപവര്‍മെന്റ് ട്രസ്റ്റ് (അസറ്റ് പേരാമ്പ്ര) ദേശീയ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ വീടുകളിലെത്തി ആദരിക്കുന്നതിന്റെ ഭാഗമായി സംഘാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയെ പരിചരിച്ചുകൊണ്ടിരിക്കവേ, ഒരിക്കല്‍ രാഷ്ട്രപതിയുടെ അവാര്‍ഡിനുള്ള ക്ഷണം നിരസിക്കേണ്ടി വന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു. അസറ്റിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് അദ്ദേഹം പിന്തുണയും സഹകരണവും പ്രഖ്യാപിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ എ.കെ. കരുണാകരന്‍ നായര്‍, കെ.പി. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.കെ. നവാസ് മാസ്റ്റര്‍ എന്നിവരെയും അവരവരുടെ വീടുകളിലെത്തി ആദരിക്കുകയും ട്രസ്റ്റ് നടപ്പിലാക്കുവാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ പ്രോജക്ടിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ തേടുകയും ചെയ്തു.
ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി മെമന്റോ സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ യു.സി. ഹനീഫ, നസീര്‍ നൊച്ചാട്, പ്രദീപന്‍, ബൈജു ആയടത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിശ്വന്‍ മാസ്റ്റര്‍, കരുണാകരന്‍ മാസ്റ്റര്‍ മേപ്പയ്യൂര്‍, നളിനി ടീച്ചര്‍ ആവള, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് അര്‍ജുന്‍.കെ എന്നിവര്‍ക്കും വരും ദിവസങ്ങളില്‍ ട്രസ്റ്റിന്റെ ഉപഹാരം കൈമാറും.