ഹര്‍ത്താൽ ദിനത്തിൽ സംസ്ഥാനത്തെ നടുക്കി അപകട പരമ്പര; വിവിധ ജില്ലകളില്‍ വാഹനാപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നുണ്ടായ വാഹനാപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അപകടങ്ങള്‍ ഉണ്ടായത്.

കോട്ടയം ജില്ലയില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വൈക്കത്ത് ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് തലയോലപ്പറമ്പ് മേഴ്‌സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിന്‍ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ അപകടം. നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. രേഷ്മ , ഷാരോണ്‍ എന്നിവരാണ് മരിച്ചത്.

തൃശൂര്‍ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടില്‍ അഷ്‌കര്‍ എന്നിവര്‍ മരിച്ചു.

മലപ്പുറത്ത് ദേശീയ പാതയില്‍ എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ കൈക്കുഞ്ഞ് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒരു മാസം) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുഴല്‍ കിണര്‍ ജോലിക്ക് ഉപയോഗിക്കുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.