‘ഹണി ട്രാപ്പില്‍ കുടുങ്ങരുത്’; മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങളടക്കം 22 നിര്‍ദ്ദേശങ്ങളുമായി പൊലീസുകാർക്ക് ഡി.ജി.പിയുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: ഹണി ട്രാപ്പില്‍ കുടുങ്ങരുതെന്ന് സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ഡി.ജി.പിയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലെ തീരുമാനങ്ങള്‍ ഉള്‍പ്പെടെ 22 നിര്‍ദ്ദേശങ്ങളാണ് ഡി.ജി.പിയുടെ സര്‍ക്കുലറില്‍ ഉള്ളത്.
പുരാവസ്തു വില്‍പ്പനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ വീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത് വിവാദമായ സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഇന്റലിജന്‍സ് പരിശോധനയില്ലാതെ സര്‍ക്കാരിതര പരിപാടികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. പരിശോധനയ്ക്കുശേഷം പങ്കെടുക്കുന്ന പരിപാടികളില്‍ യൂണിഫോം ഒഴിവാക്കണം.
മണല്‍, മണ്ണ്, റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായുള്ള ബന്ധം ഉദ്യോഗസ്ഥര്‍ പൂര്‍ണമായും ഒഴിവാക്കണം. പൊലീസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ പരാതി നല്‍കാനെത്തുന്നവരെ കൊണ്ട് വാങ്ങിപ്പിക്കാന്‍ പാടില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍ക്കു നല്‍കുന്ന അഡ്വാന്‍സ് തുക ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.
എസ്എച്ച്ഒ മുതലുള്ള ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കണം. സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്. നടപടി സ്വീകരിക്കാന്‍ കഴിയാത്തവയുടെ കാര്യത്തില്‍ നിയമപരമായ പരിമിതി ചൂണ്ടിക്കാട്ടി പരാതിക്കാര്‍ക്കു മറുപടി നല്‍കണം.
സ്റ്റേഷനിലെത്തുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതാകണം. എസ്‌ഐയുടെ പ്രവര്‍ത്തനം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധിക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പരാതികള്‍ രേഖപ്പെടുത്താന്‍ പ്രത്യേക റജിസ്റ്റര്‍ തയാറാക്കണം. ഇത്തരം പരാതികളില്‍ കൃത്യമായ നിയമനടപടി സ്വീകരിച്ചെന്ന് എസ്എച്ച്ഒ ഉറപ്പുവരുത്തണം. എസ്പിമാര്‍ എല്ലാ മാസവും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യണം.
പ്രോസിക്യൂഷന്‍ വീഴ്ച കൂടാതെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ ഉടന്‍ നടപടി സ്വീകരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സൈബര്‍ നിയമ ലംഘനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.