സർഗാലയയിൽ ഇത് പപ്പായക്കാലം


പയ്യോളി: പപ്പായ ക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇരിങ്ങൽ സർഗ്ഗാലയ. നാട്ടിൻപുറങ്ങളിൽ കറമൂസ എന്നും ഇതിനെ വിളിക്കും. പപ്പായ വർഗത്തിൽ സകര ഇനമായ റെഡ് ലേഡി പപ്പായ കൃഷി വിളവെടുപ്പ് തുടങ്ങിയിരിക്കയാണ് ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ. പേരിലെ റെഡ് ലേഡി എന്താണെന്ന് വ്യക്തമല്ല. നമ്മുടെ പപ്പായ പഴുത്താൽ മഞ്ഞനിറമാണെങ്കിൽ റെഡ് ലേഡി പപ്പായയുടെ ഉൾവശം ചുവപ്പാണ്. ഇതായിരിക്കും പേരിന് കാരണമെന്ന് കരുതുന്നു.

രണ്ടരമീറ്റർ ഉയരമുള്ള ഈ ചെടിയുടെ അടിമുതൽ മുടിവരെ പപ്പായ നിറഞ്ഞുനിൽക്കുന്ന കാഴ്ച വളരെ മനോഹരമാണ്. സർഗാലയയിലും പുറത്തുള്ള കൃഷിസ്ഥലത്തുമായി 2000 തൈകളാണ് നട്ടത്. ആറുമാസം കൊണ്ട് പപ്പായയുണ്ടായി. ചുരുങ്ങിയത് 50 പപ്പായ ഒന്നിലുണ്ട്. ആ കണക്കുവെച്ച് ഒരുലക്ഷം പപ്പായയെങ്കിലും വിളവെടുക്കാൻ കഴിയും.

എണ്ണത്തിന്റെ എത്രയോ അധികമായിരിക്കും ആകെ തൂക്കം. കാരണം നല്ല വലുപ്പമാണ് റെഡ് ലേഡിക്ക്. 3.7 കിലോഗ്രാം തൂക്കമുള്ളതുവരെ പറിച്ചിട്ടുണ്ട്. 50 ലക്ഷംരൂപയെങ്കിലും വിളവെടുപ്പിൽ സർഗാലയ പ്രതീക്ഷിക്കുന്നുണ്ട്. 300 പപ്പായവരെ ഉണ്ടാകുന്ന തൈകളുണ്ട്. ഒന്നരക്കൊല്ലത്തോളം ഒരു ചെടിയിൽനിന്ന്‌ കായ പറിക്കാനും കഴിയും.

തീർത്തും വിഷരഹിത-ജൈവ പപ്പായയാണ് ഉണ്ടാക്കിയത്. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും അടങ്ങിയതാണ് പപ്പായ. സങ്കരയിനമായ ഇതിന്റെ ഉറവിടം തയ്‌വാനാണ്. കർണാടകത്തിലെ ഗുണ്ടൽപ്പേട്ടിൽനിന്നാണ് സർഗാലയയിൽ തൈകളെത്തിയത്.

പപ്പായകൊണ്ട് മൂല്യവർധിത ഉത്‌പന്നങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഇനി നടത്താൻ പോകുന്നത്. ഡ്രൈഫ്രൂട്‌സ്, ടൂട്ടി ഫുഡ്‌സ്, ജാം, ഗുണമേന്മയേറിയ ഉത്‌പന്നങ്ങൾ എന്നിവയുണ്ടാക്കാൻ കഴിയും. പഴുക്കാൻ പത്തു ദിവസമെടുക്കുന്നതിനാൽ വിദേശത്തുൾപ്പെടെ കയറ്റിയയക്കാനും കഴിയും. ഇപ്പോൾത്തന്നെ ഇവിടെത്തെ സന്ദർശകർ വലിയരീതിയിൽ പപ്പായ വാങ്ങിപ്പോകുന്നുണ്ട്.