സൗജന്യ വൃക്ക മാറ്റ ശസ്ത്രക്രിയാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്; ‘ജീവജ്യോതി’ നവംബർ അവസാനം ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സാമ്പത്തിക പരാധീനത മൂലം ശസ്ത്രക്രിയ നടത്താനാവാതെ ഡയാലിസിസിലൂടെ ജീവിതം മുന്നോട്ട് നീക്കുന്ന വൃക്കരോഗികൾക്ക് സൗജന്യ വൃക്ക മാറ്റ ശസ്ത്രക്രിയാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. 2012 മുതൽ ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹസ്പർശം കിഡ്നി പേഷ്യൻ്റ്സ് വെൽഫയർ സൊസൈറ്റിയാണ് ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ “ജീവജ്യോതി “എന്ന പേരിൽ സൗജന്യമായി വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
പദ്ധതിയുടെ ഔപചാരികമായ ഉദ് ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നവംബർ അവസാനവാരം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്.
കോഴിക്കോട് ജില്ലക്കാരായ സാമ്പത്തിക ശേഷി കുറഞ്ഞവരും മറ്റ് ഇൻഷുറൻസ് പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്തവരുമായ വൃക്ക രോഗികൾക്ക് അവയവ മാറ്റ ശസ്ത്രക്രിയക്കായി വരുന്ന ചെലവ് പൂർണ്ണമായും ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. ദാതാവിനും സ്വീകർത്താവിനുമുള്ള ശസ്ത്രക്രിയാ സംബന്ധമായ ചെലവുകളും മറ്റ് ആശുപത്രി ചെലവുകളും ഇതിലുൾപ്പെടും.
വൃക്ക ദാതാവിൻ്റേത് തുറന്ന ശസ്ത്രക്രിയയാണെങ്കിൽ 2,75,000 രൂപയും താക്കോൽദ്വാര ശസ്ത്രക്രിയയാണെങ്കിൽ 3,05,000 രൂപയുമാണ് ചെലവ് വരിക. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം അവർ കഴിക്കേണ്ട ജീവൻ രക്ഷാമരുന്നുകൾ കൂടി സ്നേഹസ്പർശത്തിലൂടെ സൗജന്യമായി നൽകും.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇൻഷുറൻസ് പരിരക്ഷ, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, റീ – ഇമ്പേഴ്സ്മെൻ്റ് സൗകര്യം എന്നിവ ലഭിക്കാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായവർക്ക് വേണ്ടിയാണ് പദ്ധതി. ഓരോ വർഷവും ജില്ലയിൽ അറുനൂറ് പുതിയ ഡയാലിസിസ് രോഗികളാണ് രജിസ്റ്റർ ചെയ്യുന്നത്. നാലായിരത്തിലധികം പേരാണ് ഡയാലിസിസിലൂടെ ജീവിക്കുന്നത്. ഇതിൽ യുവതീയുവാക്കളുടെ എണ്ണവും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് സാമൂഹ്യ ഉന്നമനം കൂടി ലക്ഷ്യം വെച്ച് ജീവജ്യോതി നടപ്പാക്കുന്നത് . കുടുംബാംഗങ്ങൾക്കിടയിലെ അവയവദാനം പ്രോത്സാഹിപ്പിക്കുക, രോഗികളുടെ അഭിമാനവും അന്തസും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ കൂടി പദ്ധതിക്കുണ്ട്. ജീവജ്യോതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും സ്നേഹസ്പർശം വെബ്സൈറ്റിലും കോഴിക്കോട് ആസ്റ്റർ മിംസ് ,ഇഖ്റ ,ബേബി മെമ്മോറിയൽ ,മെട്രോ മെഡ് ഇൻ്റർനാഷനൽ കാർഡിയാക് സെൻ്റർ എന്നീ ആശുപത്രികളിലും ലഭ്യമാകും .
വൃക്കരോഗികളെ കൂടാതെ നവജീവൻ ക്ലിനിക്കുകളിലൂടെ പാവപ്പെട്ട മാനസിക രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നുണ്ട് .അഗതികളായ എച്ച് .ഐ. വി ബാധിതരായ പുരുഷൻമാർക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുളള കെയർ സെൻ്ററും സ്നേഹസ്പർശത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് .
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ എൻ .എം വിമല,ജില്ലാ പഞ്ചായത്ത്സെക്രട്ടറി ടി .അഹമ്മദ് കബീർ ,സ്നേഹ സ്പർശം ട്രഷറർ ജെഹ ഫർബറാമി , എക്സി .അംഗങ്ങളായ ടി .എം അബൂബക്കർ ,സുബൈർ മണലൊടി എന്നിവരും പങ്കെടുത്തു.