സൗജന്യ പി.എസ്.സി പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (25/01/2022) ഇങ്ങനെ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പിഎസ് സി ഡിഗ്രി ലെവൽ പരീക്ഷ സൗജന്യ പരിശീലനം

പി എസ് സി നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എംപ്ലോയിമെന്റ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 ന് മുമ്പ് പേര്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2376179 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അഡോബി സോഫ്റ്റ് വെയറുകൾ വീട്ടിലിരുന്ന് പഠിക്കാം

അഡോബി സോഫ്റ്റ് വെയറുകളായ ഫോട്ടോഷോപ്പ്, പ്രിമീയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്റ്റ്, ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ ഡിസൈന്‍, ആര്‍ട്ടികുലേറ്റ് സ്റ്റോറിലൈന്‍ എന്നിവ വീടുകളിലിരുന്നു പഠിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരം. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി .
26 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ബിരുദധാരികളായ യുവതികള്‍ക്കാണ് അവസരം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

വടകര താലൂക്കിലെ ആയഞ്ചേരി പൊന്മേരി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷ ഫോം ഓഫീസില്‍ നിന്നും മലബാര്‍ ദേവസം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0490 – 2321818 എന്ന നമ്പറില്‍ ബന്ധപ്പെടുക.

മണ്ണ് ലേലം

പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുളള ചുവന്ന മണ്ണിന്റെ പുനര്‍ലേലം ഫെബ്രുവരി രണ്ട് ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാലക്കാടി അങ്ങാടിയില്‍ നടക്കും.

അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകൾ – അപേക്ഷാ തീയതി നീട്ടി

സ്റ്റേറ്റ് സോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുളള തീയതി നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി ജനുവരി 31. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. എസ്എസ്എല്‍സി/പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നം: 04712325102. https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9447276815, 7012649185, 9539157337, 0495 2296200, 8594042990.

വ്യോമസേനയിലെ തൊഴിലവസരം: വ്യോമസേന ഉദ്യോഗസ്ഥർ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച്ച നടത്തി

ഇന്ത്യൻ എയർഫോഴ്‌സിലെ തൊഴിലവസരങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യോമസേന ഉദ്യോഗസ്ഥർ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുമായി കലക്ടറേറ്റിൽ കൂടിക്കാഴ്ച്ച നടത്തി. കൊച്ചിയിലെ 14 എയർമെൻ സെലക്ഷൻ സെന്ററിന്റെ കമാൻഡിംഗ് ഓഫീസർ വിംഗ് കമാൻഡർ ആനന്ദ് ദുബെയും സംഘവുമാണ് കലക്ടറെ നേരിൽ സന്ദർശിച്ചത്.

മോട്ടിവേഷണൽ ലെക്ചറിലൂടെയും ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസ്സുകൾ നടത്തിയും സോഷ്യൽ മീഡിയ വഴിയും ജില്ലയിലെ യുവാക്കൾക്കായി ബോധവൽകരണ യജ്ഞം നടത്താൻ സംഘം കലക്ടറുടെ അനുവാദം തേടി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വ്യോമസേനയിൽ ചേരുന്ന മലയാളികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് സന്ദർശനം.

സാർജന്റ്മാരായ ലാലൻ കുമാർ, അരവിന്ദ് ചൗഹാൻ, കോർപ്പറൽമാരായ ഷെറിൻ പി.കെ, സുരേന്ദർ സിംഗ് എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെത്തിയത്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അമർ, അഡീഷണൽ ഡിസ്ട്രിക്റ്റ് ഇൻഫോർമാറ്റിക്‌സ് ഓഫീസർ റോളി.ടി.ഡി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രായം, യോഗ്യത, ആവശ്യകതകൾ, സെലക്ഷൻ നടപടിക്രമങ്ങളുടെ വശങ്ങൾ, ശമ്പളം, ആനുകൂല്യങ്ങൾ, വ്യോമസേനയിലെ അംഗങ്ങളുടെ പ്രത്യേകാവകാശങ്ങൾ എന്നിവ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ www.careerindianairforce.cdac.in, www.airmenselection.cdac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. വിശദമായ വിവരങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘MYIAF’ എന്ന ആപ്ലിക്കേഷനും ലഭ്യമാണ്.

സ്‌കൂള്‍ അത്യാധുനികമാക്കാന്‍
ടിങ്കറിംഗ് ലാബുമായി എസ്.എസ്.കെ
ജില്ലയിലെ സ്‌കൂളുകള്‍ അത്യാധുനികമാക്കാനുള്ള പുതിയ പ്രോജക്ടിന് സമഗ്ര ശിക്ഷാ കേരളം തുടക്കം കുറിച്ചു. സയന്‍സ്, ടെക്‌നോളജി, ഗണിതം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രവര്‍ത്തന മേഖലയാണ് ടിങ്കറിംഗ് ലാബ്.

ക്ലാസില്‍ പഠിക്കുന്ന ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ടിങ്കറിംഗ് ലാബുകള്‍ തുടങ്ങാനായി ഒരു സ്‌കൂളിന് 10 ലക്ഷം രൂപയാണ് എസ്.എസ്.കെ അനുവദിക്കുന്നത്. ആര്‍.ഇ.സി എച്ച്.എസ്.എസ് ചാത്തമംഗലം, എന്‍.എന്‍ കക്കാട് സ്മാരക എച്ച്.എസ്.എസ് അവിടനല്ലൂര്‍, ഗവ. സംസ്‌കൃതം എച്ച്.എസ്.എസ് മേപ്പയില്‍ വടകര സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ടിങ്കറിംഗ് ലാബുകള്‍ ആരംഭിക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ ഹക്കിം അറിയിച്ചു.
ഏഴ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ ശാസ്ത്രാഭിരുചിയുളള കുട്ടികള്‍ക്ക് വേണ്ടിയാണ് ലാബ് ഒരുക്കുന്നത്. നിര്‍മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ്), റോബോട്ടിക്‌സ് മുതലായ പഠന മേഖലയിലെ അത്യാധുനിക സംവിധാനങ്ങള്‍ ലാബിലുണ്ടാകും. ഇതിനു പുറമെ ത്രി-ഡി പ്രിന്റര്‍, സെന്‍സര്‍ ടെക്‌നോളജി കിറ്റുകള്‍, മിനിയേച്ചര്‍ ഇലക്‌ട്രോണിക്‌സ് മുതലായവയുമുണ്ടാകും. കുട്ടികളെ നൂതനാശയങ്ങളിലേക്കും സംരംഭകത്വത്തിലേക്കും നയിക്കുക എന്നതാണ് ലാബിന്റെ പ്രധാന ലക്ഷ്യം.

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിലെ അര്‍ബന്‍ 1 ഐ.സി.ഡി.എസിനു കീഴിലെ 133 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 0495 2702523