സ്വീഡനില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് സ്വദേശിനി പ്രഗതി പി. നായര്‍ക്ക് വെള്ളി മെഡല്‍


കോഴിക്കോട്: സ്വീഡനില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് സ്വദേശിനി പ്രഗതി പി. നായര്‍ക്ക് വെള്ളി മെഡല്‍. സബ് ജൂനിയര്‍ (43 കിലോഗ്രാം) വിഭാഗത്തിലാണ് പ്രഗതിയുടെ നേട്ടം.

ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പ്രഗതി.

ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി പ്രഗതിക്ക് കായിക വികസന നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കായിക വകുപ്പ് അനുവദിച്ചിരുന്നു. പ്രഗതിയുടെ പ്രതിഭയും സാമ്പത്തിക പ്രശ്‌നവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയാണ് കായിക വകുപ്പിനെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്നാണ് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയത്.

പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രഗതിയ്ക്ക് വെള്ളി മെഡല്‍ നേട്ടത്തെ തുടര്‍ന്ന് അഭിനന്ദന പ്രവാഹമാണ് വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്.