‘സ്വാതന്ത്ര്യജാല’ വിജയികൾക്ക് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സമ്മാനങ്ങൾ നൽകി
മേപ്പയ്യൂര്‍: കീഴരിയൂര്‍ ബോംബ് കേസ് അനുസ്മരണ’ പരിപാടിയുടെ ഭാഗമായി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌ക്കൂള്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യജ്വാലയില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ വിദ്യാലയങ്ങള്‍ക്ക് റോളിംഗ് ഷീല്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി വിതരണം ചെയ്തു.
എല്‍.പി വിഭാഗത്തില്‍ എം.കുമാരന്‍ മാസ്റ്റര്‍ സ്മാരക ഷീല്‍ഡ് കണ്ണോത്ത് യു.പി.സ്‌ക്കൂളും യു.പി വിഭാഗത്തില്‍ മാലത്ത് നാരായണന്‍ മാസ്റ്റര്‍ സ്മാരക ഷീല്‍ഡ് നമ്പ്രത്തുകര യു.പി.സ്‌ക്കൂളും ഏറ്റുവാങ്ങി. എം.ടെക് പരീക്ഷയില്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിങ്ങില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ പി.മുഹമ്മദ് ഷാഫിയെ ഉപഹാരം നല്‍കി ആദരിച്ചു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും വായനശാല ഉപഹാരങ്ങള്‍ നല്‍കി.
ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.സുരേഷ്, ടി.പി.അബു, ഇ.എം.നാരായണന്‍, ഡെലീഷ്.ബി, സഫീറ കാര്യാത്ത്, ഷൈമ കെ.കെ, ശ്രീജ മഹേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും റയീസ് കുഴുമ്പില്‍ നന്ദിയും പറഞ്ഞു.