സ്വര്‍ണ്ണ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയുള്ള മോഷണം തുടര്‍കഥ; പാളയത്തുനിന്ന് അഞ്ചേകാല്‍ പവനുമായി യുവാവ് കടന്നു കളഞ്ഞു


കോഴിക്കോട്: ജ്വല്ലറിയിലെത്തിയ യുവാവ് ഉടമയെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നു. കോഴിക്കോട് മേലെ പാളയം റാണി ജ്വല്ലറിയിലാണ് തിങ്കളാഴ്ച വൈകീട്ടോടെ കവര്‍ച്ച നടന്നത്. അഞ്ചേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണക്കട്ടിയാണ് മോഷണം പോയത്.

ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയയാള്‍ ക്ഷീണം നടിക്കുകയും രക്തത്തിലെ പഞ്ചസാര കുറയുന്നു എന്ന് ഉടമയോട് പറഞ്ഞ് അല്‍പം പഞ്ചസാരയോ മധുരമോ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കടയുടമ ഉള്ളിലെ മുറിയിലേക്കു പോയപ്പോള്‍ മേശയിലുള്ള സ്വര്‍ണക്കട്ടിയെടുത്ത് ഇയാള്‍ കടന്നുകളഞ്ഞു.

കടയുടമ തിരിച്ചെത്തിയപ്പോള്‍ ഇയാളെ കാണാതായതോടെ സംശയം തോന്നി മേശ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കവര്‍ന്ന വിവരം അറിയുന്നത്. മോഷ്ടാവിെന്റ ദൃശ്യം കടയിലെ സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ടൗണ്‍ പൊലീസ് കേസെടുത്ത് ജ്വല്ലറിയിലെത്തി തെളിവ് ശേഖരിച്ചു.